അമ്പലപ്പുഴ: ചികിത്സാ ചെലവ് മുഴുവൻ നൽകാനാവാത്തതിന്റെ പേരിൽ ആശുപത്രിയിൽ തടഞ്ഞുവച്ചിരുന്ന സെബാസ്റ്റ്യന് മോചനം. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രന്റെ നിർദ്ദേശാനുസരണം സ്നേഹപൂർവം ജീവകാരുണ്യ സൗഹൃദ സമിതി പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠത്തിന്റെ ഇടപെടലിലൂടെയാണ് സെബാസ്റ്റ്യന് വീട്ടിൽ തിരികെ എത്താനായത്.
കഴിഞ്ഞ മേയിൽ കരുനാഗപ്പള്ളിയിൽ നടന്ന അപകടത്തിൽ ഗുരുതര പരിക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുത്രിയിൽ ചികിത്സയിലായിരുന്നു സെബാസ്റ്റ്യൻ. സ്ക്കൂൾ ബസ് ക്ലീനറായ സെബാസ്റ്റ്യന്റെ ചികിത്സയ്ക്കായി നാട്ടിൽ പിരിവെടുത്തും മറ്റും 4.5 ലക്ഷം രൂപയോളം ആശുപത്രിയിൽ അടച്ചു. ശേഷിച്ച 1.65 ലക്ഷം രൂപ അടയ്ക്കാത്തതിന്റെ പേരിൽ തുടർ ചികിത്സ നിഷേധിച്ച് ആശുപത്രിയിൽ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. ഹസൻ എം.പൈങ്ങാമഠം ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെയും പത്രങ്ങളിലൂടെയും ശ്രദ്ധയിൽ കൊണ്ടുവന്നതോടെ ആശുപത്രി അധികൃതർ സെബാസ്റ്റ്യനെ വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു.