fire

കായംകുളം: വീടിന്റെ പോർച്ചിൽ സൂക്ഷിച്ച സ്കൂട്ടർ സാമുഹിക വിരുദ്ധർ തീവെച്ചു നശിപ്പിച്ചു. കായംകുളം കോളേജ് ജംഗ്ഷനു സമീപം കീരിക്കാട് തെക്ക് കോട്ടക്കടവ് പറമ്പിൽ നാസറിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ആക്ടീവ സ്കൂട്ടറാണ് സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചത്.

ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം . നാസർ കിടക്കുന്ന മുറിയോട് ചേർന്നുള്ള പോർച്ചിൽ നിന്നും ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ സ്കൂട്ടർ ആളി കത്തുന്നതാണ് കണ്ടത് . വീട്ടുകാർ വെള്ളം കോരിയൊഴിച്ച് തീ അണച്ചപ്പോഴേക്കും സ്കൂട്ടർ പൂർണ്ണമായി കത്തി നശിച്ചിരുന്നു . പോർച്ചിനോട് ചേർന്നുള്ള ഫ്ലവർ മില്ലിലേക്കും കെ.എസ്.ഇ.ബി ട്രാൻസ് ഫോമറിലേക്കും തീ പടരാതിരുന്നതിനാൽ ദുരന്തം ഒഴിവായെന്ന് വീട്ടുകാർ പറഞ്ഞു.

മില്ലിലെ ഉപയോഗത്തിനായി പോർച്ചിൽ വച്ചിരുന്ന ചണചാക്ക് സ്കൂട്ടറിനു മുകളിൽ മൂടിയ ശേഷം മാണ് തീ കത്തിച്ചിരിക്കുന്നത്. കായംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത കാലത്തായി പ്രദേശത്ത് സാമൂഹിക വിരുദ്ധ ശല്യം കൂടി വരികയാണ്. കഴിഞ്ഞ കുറേ കാലമായി കായംകുളത്തും പരിസര പ്രദേശങ്ങളിലും സമാന സംഭവങ്ങൾ പതിവായിരിക്കുകയാണ്.