കുട്ടനാട്: സിമോദിന്റെ ജീവൻ രക്ഷിക്കാൻ നാടൊന്നിച്ചപ്പോൾ സമാഹരിക്കാനായത് നാലരക്ഷം രൂപ.
പെയിന്റിംഗ് ജോലിക്കിടെ രക്തസമ്മർദ്ദം കൂടി തലച്ചോറിലെ ഞരമ്പ് പൊട്ടി ഗുരുതരാവസ്ഥയിലായ
എടത്വ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് കരീശ്ശേരിൽ ഗോപിയുടെ മകൻ കെ.ജി. സിമോദിന്റെ (34) ജീവൻ രക്ഷിക്കാൻ ഇനിയും വേണം ശസ്ത്രക്രിയ. ഗുരുതരാവസ്ഥയിൽ വൈക്കം ഇൻഡോ- അമേരിക്കൻ ആശുപത്രിയിൽ കഴിയുന്ന സിമോദിന്റെ ചികിത്സയ്ക്കായി ഇതിനോടകം ലക്ഷങ്ങൾ ചെലവായി. കടംവാങ്ങിയും വിറ്റുപെറുക്കിയുമാണ് കുടുംബാംഗങ്ങൾ ഈ തുക കണ്ടെത്തിയത്.
തുടർ ചികിത്സ വഴിമുട്ടുമെന്ന ഘട്ടമെത്തിയപ്പോഴാണ് കെ.ജി. സിമോദ് ജീവൻ രക്ഷാ സമിതി രൂപീകരിച്ച് എടത്വ ഗ്രാമപഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ ധനസമാഹരണം നടത്തിയത്. നാല് മണിക്കൂർ കൊണ്ടാണ് ഈ തുക കണ്ടെത്തിയത്. സിമോദിന്റെ പിതാവ് ഗോപിക്ക് ജീവൻ രക്ഷാസമിതി രക്ഷാധികാരി ഫാ. മാത്യു ചൂരവടി തുക കൈമാറി. അജയകുമാർ കരിശ്ശേരിൽ, കൺവീനർ സജി ജോസഫ്, കോ-ഓർഡിനേറ്റർ ബിൽബി മാത്യു കണ്ടത്തിൽ, ഗ്രാമപഞ്ചായത്ത് അംഗം ജയിൻ മാത്യു, സമിതി പ്രസിഡന്റ് സോണി തെക്കേടം, സെക്രട്ടറി തോമസ് വർഗീസ്, ജോയിന്റ് സെക്രട്ടറി അനൂപ് സദാനന്ദൻ, ട്രഷറർ മാത്യൂസ് ചന്ദ്രത്തിൽ, കൺവീനർമാരായ ടിജിൻ ജോസഫ്, കെ. തങ്കച്ചൻ, എൻ.ജെ. സജീവ്, റോബിൻ ടി.കളങ്ങര എന്നിവരുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയത്.