photo

ചേർത്തല: കണ്ടമംഗലം ആറാട്ടുകുളം ശക്തിവിനായക ക്ഷേത്രത്തിൽ പഞ്ചദിന സത്രത്തിന് നാളെ തിരിതെളിയും. ഒന്നു മുതൽ അഞ്ചുവരെ പള്ളിക്കൽ സുനിലിന്റെ മുഖ്യകാർമ്മികത്വത്തിലാണ് സത്രം. ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിലെ തന്ത്റിമാരാണ് സത്രദിനങ്ങളിലെ ഗണേശ പൂജകർക്ക് കാർമ്മികത്വം വഹിക്കുന്നത്.
ദിവസേന ഒന്നര ലക്ഷത്തിലേറെ ഭക്തജനങ്ങളെ പ്രതീക്ഷിക്കുന്ന സത്രം ഹരിത പ്രോട്ടോകോൾ അനുസരിച്ചാണ് സജ്ജമാക്കിയിട്ടുള്ളതെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും ചീഫ് കോ-ഓർഡിനേ​റ്റർ പി.ഡി.ഗഗാറിൻ, ചെയർമാൻ പി.എസ്.രാജീവ്, ഉപദേശകസമിതി ചെയർമാൻ എൻ.രാമദാസ്, ജനറൽ കൺവീനർ കെ.ഡി.ജയരാജ്, എൻ.എൻ.സജിമോൻ,ടി.ബിനു, സുരേഷ് മാമ്പറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാളെ വൈകിട്ട് 4ന് നടക്കുന്ന വിഗ്രഹ ദീപ ഘോഷയാത്രയിൽ 1008 ഉണ്ണിഗണപതിമാർ അകമ്പടി സേവിക്കും. തുടർന്ന് നടക്കുന്ന സത്രസമാരംഭ സഭ കേന്ദ്ര വിദേശകാര്യ സഹമന്ത്റി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. മന്ത്റി പി.തിലോത്തമൻ അദ്ധ്യക്ഷനാകും. തമിഴ്‌നാട് മൃഗസംരക്ഷണ വാണിജ്യകാര്യ മന്ത്റി ഉടുമലൈ രാധാകൃഷ്ണൻ ദീപ പ്രകാശനം നിർവഹിക്കും. എ.എം.ആരിഫ് എം.പി മുഖ്യ പ്രഭാഷണം നടത്തും. ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വിഗ്രഹം സമർപ്പിക്കും. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രൊഫ.ഇലഞ്ഞിയിൽ രാധാകൃഷ്ണൻ ഗ്രന്ഥസമർപ്പണവും എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ആദ്യനിറപറ സമർപ്പണവും നടത്തും. അസ്പർശാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും.
ഒന്നിന് ശബരിമലക്ഷേത്രം തന്ത്റി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതി ഹോമത്തോടെ സത്രം തുടങ്ങും. ടി.ഡി.പ്രകാശൻ തച്ചാപറമ്പിൽ ദീപപ്രകാശനം നടത്തും. രാവിലെ 8.30ന് പ്രത്യക്ഷ ഗണപതി പൂജ, വൈകിട്ട് 7ന് നടക്കുന്ന സത്രസന്ദേശ സദസ് മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് പി.എസ്.ഗോപിനാഥ് സംസാരിക്കും. 2ന് മഹാഗണപതിഹോമത്തിനു മൂകാംബിക ക്ഷേത്രം തന്ത്റി ഡോ.രാമചന്ദ്ര അഡിഗ മുഖ്യകാർമ്മികത്വം വഹിക്കും. വൈകിട്ട് സത്രസന്ദേശ സദസ് വി.എസ്.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 3ന് ഗണപതിഹോമത്തിന് സൂര്യകാലടിമന സൂര്യൻ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. 4ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് മഹാ ഗണപതിഹോമത്തിന് മുഖ്യകാർമ്മികനാകും. ആർദ്ര ഹാബിറ്റാറ്റ് എം.ഡി പി.ഡി.ലക്കി ദീപപ്രകാശനം നടത്തും. വൈകിട്ട് 7ന് നടക്കുന്ന സത്രസന്ദേശ സദസ് മന്ത്റി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. 5ന് തന്ത്രി ജിതിൻഗോപാൽ ഗണപതിഹോമത്തിന് മുഖ്യകാർമ്മികനാകും. കയർ കോർപ്പറേഷൻ മുൻ ചെയർമാൻ കെ.ആർ.രാജേന്ദ്രപ്രസാദ് ദീപപ്രകാശനം നടത്തും. തുടർന്ന് നടക്കുന്ന സമൂഹഗണപതി ഹോമത്തിൽ പഴനക്ഷേത്രം തന്ത്റി അമൃതലിംഗ അയ്യർ മുഖ്യകാർമ്മിയാകും.

വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ പി.എസ്.രാജീവ് അദ്ധ്യക്ഷത വഹിക്കും. ഉപഹാര സമർപ്പണം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ, മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണിക്കൃഷ്ണൻ,വിജയമ്മ രവീന്ദ്രൻ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി ബി.ഗോപാലകൃഷ്ണൻനായർ എന്നിവർ സംസാരിക്കും. ജനറൽ കൺവീനർ കെ.ഡി.ജയരാജ് സ്വാഗതവും ശക്തി വിനായക ക്ഷേത്രം കൺവീനർ സജേഷ് നന്ത്യാട്ട് നന്ദിയും പറയും.
സത്രത്തിൽ സ്ഥാപിക്കുന്നതിനുള്ള കൊടിമരം കൊട്ടാരം ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് എഴുന്നളളിച്ചു. പതാക ഘോഷയാത്ര ഇന്ന് വൈകിട്ട് 5ന് ഒളതല ഘണ്ടാകർണ ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി ഉദ്ഘാടനം ചെയ്യും. ധനേഷ് ഒളതല അദ്ധ്യക്ഷത വഹിക്കും.