ആലപ്പുഴ: 67 ാമത് നെഹ്രു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നമായി, തുഴയെറിഞ്ഞ് വിജയചിഹ്നവുമായി നിൽക്കുന്ന കുട്ടനാടൻ താറാവിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഭാഗ്യചിഹ്നം വരച്ച ചിത്രകലാദ്ധ്യാപകനായ വി.ആർ രഘുനാഥാണ് ഇതും വരച്ചത്.
നെഹ്റുട്രോഫി പബ്ലിസിറ്റി കമ്മറ്റി സംഘടിപ്പിച്ച മത്സരത്തിൽ ലഭിച്ച നൂറോളം എൻട്രികളിൽ നിന്നാണ് ലോഗോ തിരഞ്ഞെടുത്തത്. ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയാണ് രഘുനാഥ്. ഭാര്യ ബീന കലവൂർ കെ.എസ്.എഫ്.ഇ.യിലെ ജീവനക്കാരിയാണ്.മക്കൾ:അഭിരാമി,അപർണ്ണ. ചിത്രകാരൻമാരായ സതീഷ് വാഴവേലിൽ, ജിനു ജോർജ്, ടി.ബേബി എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്.
ലോഗോ ചലച്ചിത്രതാരം ആൽഫി പഞ്ഞിക്കാരൻ കളക്ടർ ഡോ.അദീല അബ്ദുള്ളയ്ക്ക് നൽകി പ്രകാശനം നിർവഹിച്ചു. വി.ആർ രഘുനാഥിന് സമ്മാനമായ 5001 രൂപയുടെ കാഷ് അവാർഡ് സബ് കളക്ടർ വി.ആർ. കൃഷ്ണതേജ കൈമാറി. വാർഡ് കൗൺസിലർ എ.എം നൗഫൽ, സുവനീർ കമ്മിറ്റി ചീഫ് എഡിറ്റർ എം.ആർ. പ്രേം, പ്രസ് ക്ലബ്ബ് സെക്രട്ടറി ജി.ഹരികൃഷ്ണൻ, ജില്ല ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല,അസിസ്റ്റന്റ് എഡിറ്റർ കെ.എസ് സുമേഷ് എന്നിവർ സംസാരിച്ചു.