അമ്പലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതി പൈപ്പിൽ വീണ്ടും പൊട്ടൽ. തകഴി ഫെഡറൽ ബാങ്കിനു സമീപമാണ് ഇന്നലെ വൈകിട്ട് 5 ഓടെ പൈപ്പ് പൊട്ടിയത്. വെള്ളം റോഡിലൂടെ ഒഴുകി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കുമെത്തി.
തകഴിഭാഗത്തു മാത്രം എട്ടിടങ്ങളിലാണ് ഇതിനകം പൈപ്പ് പൊട്ടിയത്. പൊട്ടലും കുടിവെള്ളം മുടങ്ങലും തുടർക്കഥയായതോടെ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. പൈപ്പിന്റെ അറ്റകുറ്റപ്പണിക്കായി റോഡ് വെട്ടിപ്പൊളിക്കുന്നത് പതിവായി ഗതാഗത തടസത്തിനും വഴിതെളിക്കുന്നു. അറ്റകുറ്റപ്പണി നടന്ന ഭാഗങ്ങളിൽ വേണ്ടവിധം ടാറിംഗ് നടത്താത്തതും പ്രതിഷേധത്തിനു കാരണമാവുന്നു.