പൂച്ചാക്കൽ: പുതു തലമുറയ്ക്ക് ഗുരുദർശനത്തിന്റെ വെളിച്ചം പകർന്ന് 'ഗുരുകുലം' ശ്രദ്ധേയമായ എട്ടാം വർഷത്തിലേക്ക്.
എസ്.എൻ.ഡി.പി യോഗം തൈക്കാട്ടുശേരി 577-ാം നമ്പർ ശാഖയിലെ നാലാം നമ്പർ കുടുംബ യൂണിറ്റിൽ 2011ൽ തുടങ്ങിയ ഗുരുദേവ പഠന ക്ലാസുകളിലൂടെയാണ് ഗുരുകുലത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. കൂടുതൽ സ്ഥലങ്ങളിൽ ക്ലാസുകൾ വേണമെന്ന ആവശ്യമുയർന്നതോടെ ശാഖയിലെ യുവാക്കൾ ചേർന്ന് ഗുരുകുലം എന്ന പേരിൽ കൂട്ടായ്മ രൂപീകരിക്കുകയും ഗുരുവിന്റെ ജീവിതം, കൃതികൾ, ദർശനങ്ങൾ എന്നിവ സംബന്ധിച്ച പുസ്തകങ്ങൾ ശേഖരിച്ച് പഠിക്കുകയും ക്ലാസുകൾക്ക് വേണ്ടിയുള്ള പഠനസാമഗ്രികൾ തയ്യാറാക്കുകയും ചെയ്തു.
എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിലെ വിവിധ ശാഖകളിലായി 250 ൽപരം കുട്ടികൾക്ക് ഗുരുദർശന പഠന ക്ലാസുകൾ നടത്തുകയാണ് ഗുരുകുലം കൂട്ടായ്മയുടെ പ്രധാന പ്രവർത്തനം. ഞായറാഴ്ചകളിലാണ് ക്ലാസുകൾ. വിവിധ ശാഖകളിൽ നടക്കുന്ന ക്ലാസുകൾക്ക് ഏകീകൃത സിലബസ് കൊണ്ടുവരുന്നതിനായി രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഗുരുദേവ പാദതാരിൽ മനമേ നീ വണ്ടായിച്ചേരൂ, ഗുരുദർശനം എന്നീ പുസ്തകങ്ങൾ ഗുരുകുലത്തിന്റെ പ്രവർത്തകർ തന്നെ തയ്യാറാക്കിയതാണ്. ഡോ. പല്പു സ്മാരക ട്രസ്റ്റിന്റെ സഹായത്തോടെയാണ് ഇവ പ്രസിദ്ധീകരിച്ചത്. ഈ സിലബസിനെ ആസ്പദമാക്കി വാർഷിക പരീക്ഷകൾ നടത്തി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാറുണ്ട്. 'ഗുരുദേവൻ തന്നൊരു ജ്ഞാന ഗ്രന്ഥത്തിൽ ഗുരുകുലമെന്നൊന്ന് ഞാനെഴുതി' എന്ന ഗുരുകുല ഗീതം ചൊല്ലിയാണ് കുട്ടികളുടെ ഞായറാഴ്ച ദിനങ്ങൾ തുടങ്ങുന്നതുതന്നെ.
ആദ്ധ്യാത്മിക ക്ലാസുകൾക്ക് പുറമേ വിദ്യാർത്ഥികൾക്കായി പ്രചോദനം എന്ന പേരിൽ പ്രേരണാക്ലാസുകളും വർഷംതോറും നടത്തുന്നു. കുട്ടികളിലെ കലാ സാഹിത്യ വാസനകൾ വളർത്തുന്നതിനായി കലാസന്ധ്യകളും സംഘടിപ്പിക്കാറുണ്ട്. ശ്രീനാരായണീയം എന്ന പേരിൽ നടത്തിയ താലൂക്ക്തല പ്രശ്നോത്തരിയാണ് പ്രവർത്തനങ്ങളിൽ അവസാനത്തേത്. 130 കുട്ടികൾ ഇതിൽ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി വി.എൻ.ബാബുവാണ് മത്സരം ഉദ്ഘാടനം ചെയ്തത്.
ക്ലാസുകളിലെ മുതിർന്ന കുട്ടികളെ അദ്ധ്യാപകരായും പരിശീലിപ്പിച്ചു. യു.ആർ. ജയചന്ദ്രൻ (അദ്ധ്യക്ഷൻ), അഖിൽ അപ്പുക്കുട്ടൻ (ഉപാദ്ധ്യക്ഷൻ), ആർ.ദേവദാസ് (ചീഫ് കോ-ഓർഡിനേറ്റർ), കെ.മദീഷ് (വൈസ് കോ-ഓർഡിനേറ്റർ), എ.കെ. അരുൺ (ട്രഷറർ), ശ്രീനി മറ്റത്തിൽ എന്നിവരടങ്ങുന്ന സംഘമാണ് ഗുരുകുലത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
....................................
'എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയന്റെയും വിവിധ ശാഖകളുടെയും സഹായത്തോടെയാണ് കഴിഞ്ഞ എട്ട് വർഷമായി ഗുരുകുലത്തിന്റെ ക്ലാസുകൾ നടന്നുവരുന്നത്. കൂടുതൽ ശാഖകൾ, വിവിധ ട്രസ്റ്റുകൾ, മാതൃസമിതികൾ എന്നിവ ഗുരുകുലത്തിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ തയ്യാറായി മുന്നോട്ടു വരുന്നുണ്ട്. കൂടുതൽ പേരിലേക്ക് ഗുരുദർശനങ്ങൾ എത്തിക്കാൻ പ്രവർത്തകർ സദാ സജ്ജരാണ്'
(ആർ. ദേവദാസ്, ചീഫ് കോ-ഓർഡിനേറ്റർ)