kattachira

കറ്റാനം: കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിലെ സഭാതർക്കം പരിഹരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നാളെ ചർച്ച നടക്കും. പള്ളിയിൽ സമരം നടത്തിവന്ന വിശ്വാസികളെയും, മെത്രാപ്പോലീത്തമാരേയും, വൈദികരേയും പൊലീസ് ലാത്തിച്ചാർജ് നടത്തിയതിൽ യാക്കോബായ സുറിയാനി സഭ പ്രതിഷേധിച്ചു.

രണ്ട് ദിവസം മുമ്പ് സുപ്രീംകോടതി വിധിയനുസരിച്ച് ഓർത്തഡോക്സ് സഭക്കാർ പള്ളിയിൽ കയറി ആരാധന നടത്തിയിരുന്നു. തുടർന്ന് യാക്കോബായ സഭാംഗങ്ങളും പള്ളിയിൽ കയറി. കഴിഞ്ഞ ദിവസം യാക്കോബായ സഭാംഗങ്ങളും പൊലീസും തമ്മിലുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന് പൊലീസ് ലാത്തിവീശി വിരട്ടി ഓടിക്കുന്നതിനിടെ മെത്രാപ്പൊലീത്തമാരും വൈദികരുമുൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് കളക്ടർ സ്ഥലത്തെത്തിയാണ് അനുനയിപ്പിച്ചത്.

എറണാകുളം ഡി.ഐ.ജി കാളി രാജ് മഹേഷ് കുമാർ സ്ഥലം സന്ദർശിച്ചു. കെ.പി റോഡ് ഉപരോധിച്ചവർക്കെതിരെ വള്ളികുന്നം പൊലീസ് കേസെടുത്തു. പരിക്കേറ്റ മെത്രാപ്പൊലീത്തമാരേയും വൈദികരേയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.