മാവേലിക്കര: തടവുകാരനെ ജയി​ലി​ൽ മരി​ച്ച നി​ലയി​ൽ കണ്ടെത്തി​യ സംഭവം ഉൾപ്പെടെയുള്ള വി​വാദങ്ങളുടെ അടി​സ്ഥാനത്തി​ൽ, മാവലി​ക്കര സ്പെഷ്യൽ സബ് ജയി​ൽ സൂപ്രണ്ട് അടക്കം ആകെയുള്ള 11 ജീവനക്കാരെയും സ്ഥലംമാറ്റി​. സൂപ്രണ്ട് എ.സമീറിനെ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലേക്കാണ് മാറ്റിയത്. മറ്റുള്ളവരെയെല്ലാം ആലപ്പുഴ ജില്ലയ്ക്ക് പുറത്തുള്ള ജയിലുകളിലേക്കു തട്ടി. കണ്ണൂർ സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് പി.അനിൽകുമാറിനെ മാവേലിക്കര സബ്ജയിൽ സൂപ്രണ്ടായി നിശ്ചയിച്ചു.

പുതിയ ജീവനക്കാർ എത്തുന്നതിനൊപ്പം 37 പുതിയ നിരീക്ഷണ കാമറകളും ജയിലിൽ സ്ഥാപിക്കും. കോട്ടയം കുമരകം സ്വദേശി എം.ജേക്കബിനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന വിധത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. മറ്റൊരു തടവുകാരൻ ജയിൽ ചാടി രക്ഷപ്പെടുകയും ചെയ്തു. ഈ സംഭവങ്ങളിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായതായി ദക്ഷിണ മേഖല ജയിൽ ഡി.ഐ.ജി സന്തോഷ് കുമാർ റിപ്പോർട്ട് ചെയ്തിരുന്നു. ജയിലിലേക്ക് കഞ്ചാവും മയക്കുമരുന്നും മൊബൈൽ ഫോണും എത്തുന്നതായും സ്വാധീനമുള്ള തടവുകാർക്ക് പുറത്തുനിന്ന് ഭക്ഷണം എത്തിക്കുന്നതായും സർക്കാരിന് ഇന്റലിജൻസ് റിപ്പോർട്ടും ലഭിച്ചു. ഈ പശ്ചാത്തലത്തിലാണ് കൂട്ടസ്ഥലമാറ്റം.