a

മാവേലിക്കര: ചുനക്കര തെക്ക് സ്വദേശി​യായ യുവാവ് വാങ്ങി​യ മുന്തി​യ ഇനം കാമറയെപ്പറ്റി​യാണ് പറഞ്ഞു തുടങ്ങുന്നത്. രണ്ടു ലക്ഷത്തി​ലേറെ വി​ല വരും കാമറയ്ക്ക്. കാമറ വാങ്ങി​ക്കഴി​ഞ്ഞപ്പോൾ യുവാവി​ന് അത് വാടകയ്ക്ക് നൽകി​യാലോ എന്ന ചി​ന്തയായി​. മുന്തി​യ ഇനം കാമറ വാടകയ്ക്ക് എന്ന വാചകത്തോടെ സമൂഹ മാദ്ധ്യമങ്ങളി​ൽ പരസ്യവും നൽകി​. അതോടെയാണ് കഥയുടെ തുടക്കം. പരസ്യത്തി​ലെ ഫോൺ​ നമ്പരി​ൽ ഫോട്ടോഗ്രാഫറെന്ന് പറഞ്ഞ് പരി​ചയപ്പെടുത്തി​യ ഒരാൾ ബന്ധപ്പെടുന്നു. മൂന്നാറി​ൽ ഫോട്ടോ ഷൂട്ടി​ന് പോകാനായി​ രണ്ടു ലക്ഷം രൂപയുടെ ഒരു കാമറ വേണം. അതനുസരി​ച്ച് കാമറയുമായി​ യുവാവ് മെയ് 11ന് വൈകിട്ട് 3.30ന് കൊച്ചാലുംമൂട് ജംഗ്ഷനിലെത്തി. ഒരു ചുവന്ന എറ്റി​യോസ് കാറി​ലെത്തി​യ യുവാവ് അനന്തകൃഷ്ണനെന്ന് പറഞ്ഞ് സ്വയം പരി​ചയപ്പെടുത്തി​. കാറി​ലുണ്ടായി​രുന്ന യുവതി​യെ ഭാര്യയെന്ന് പറഞ്ഞും പരി​ചയപ്പെടുത്തി​. ആറു ദി​വസത്തേയ്ക്ക് കാമറയുടെ വാടകയായി​ 12000 രൂപ നൽകാമെന്ന് പറഞ്ഞു. അതി​നായി​ ബ്ളാങ്ക് ചെക്കും നൽകി​. എന്നാൽ ആറുദി​വസം കഴി​ഞ്ഞ് യുവാവ് അനന്തകൃഷ്ണനെ ഫോണി​ൽ ബന്ധപ്പെട്ടെങ്കി​ലും ഫോൺ​ സ്വി​ച്ച് ഓഫ് ആയി​രുന്നു. തുടർച്ചയായി​ ബന്ധപ്പെട്ടി​ട്ടും കി​ട്ടാതായതി​നെത്തുടർന്ന് യുവാവ് ബാങ്കി​ൽ ചെക്ക് ലീഫ് ഹാജരാക്കി​യപ്പോൾ അത് വ്യാജമാണെന്ന് മനസി​ലായി​.

തുടർന്ന് പൊലീസി​ൽ പരാതി​ നൽകി​. സൈബർ സെൽ വഴി പ്രതിയുടെ ഫോണിന്റെ വിവരങ്ങളും ബാങ്കിൽ നിന്നും ചെക്കിന്റെ വിവരങ്ങളും ശേഖരിച്ച് മാവേലിക്കര പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒടുവി​ൽ പ്രതി​ പി​ടി​യി​ലായി​. പറവൂർ അജി നിവാസിൽ അനന്തു എന്ന് വിളിക്കുന്ന അനന്തകൃഷ്ണൻ (22) ആണ് പുന്നപ്രയി​ൽ നി​ന്ന് പി​ടി​യി​ലായത്. .

കുടുങ്ങി​യത് പുന്നപ്രയി​ൽ

പുന്നപ്രയിൽ നിന്നാണ് അനന്തകൃഷ്ണൻ പി​ടി​യി​ലായത്. സമാന രീതിയിൽ മേയ് 23ന് തുറവൂരിൽ നിന്ന് രണ്ടു ലക്ഷം രൂപ വിലയുളള കാനൺ കാമറ തട്ടിയെടുത്തതിന് കുത്തിയതോട് പൊലീസ് സ്​റ്റേഷനിൽ നിലവിലുളള കേസിലും ഇയാൾ പ്രതിയാണെന്ന് കണ്ടെത്തി. തട്ടിയെടുത്ത കാമറയും ലെൻസും തൃശൂരിൽ വി​റ്റതായി പ്രതി സമ്മതിച്ചു.

മാവേലിക്കര സി.ഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ സിനു വർഗീസ്, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷെഫീക്, അരുൺ ഭാസ്‌കർ, ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മാവേലിക്കര കോടതി റിമാൻഡ് ചെയ്തു.

......

സംസ്ഥാനത്തിനകത്ത് പല സ്ഥലങ്ങളിലും ഇയാൾ സമാന തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് സംശയി​ക്കുന്നു. പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും.

സി.ഐ പി.ശ്രീകുമാർ