photo

 'ഡോർ ടു ഡോർ' ഡെലിവറിക്ക് പ്രാദേശിക കൂട്ടായ്മ

ആലപ്പുഴ: ദേശീയപാതയിൽ പുറക്കാട് പുത്തൻനട ശ്രീദേവി ക്ഷേത്രത്തിനു മുൻവശം എക്സൈസ് സംഘം വാഹന പരിശോധന നടത്തവേ, ഹോണ്ട ആക്ടിവ സ്കൂട്ടറിൽ വാറ്റു ചാരായവുമായി വന്ന രണ്ടു യുവാക്കൾ പിടിയിൽ. പുറക്കാട് ആനന്ദേശ്വരം പുതുമനച്ചിറ വീട്ടിൽ അജിത്ത് (അജയകുമാർ-35), ഇല്ലിച്ചിറ ദേശത്ത് രതീഷ് ഭവനം വീട്ടിൽ രഞ്ജിത്ത് (27) എന്നിവരാണ് പിടിയിലായത്. കർക്കടകവാവ് പ്രമാണിച്ച് പ്രത്യേക ചേരുവകൾ ചേർത്ത് തയ്യാറാക്കിയ 7 ലിറ്റർ 'സ്പെഷ്യൽ' ചാരായം ഇവരിൽ നിന്ന് പിടികൂടി.

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വി.റോബർട്ടിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്‌കൂട്ടറിന്റെ സീറ്റിനടിയിലും മുൻ വശത്തെ ഹുക്കിൽ തൂക്കിയിട്ട നിലയിലും മടിക്കുത്തിലുമാണ് ചാരായം സൂക്ഷിച്ചിരുന്നത്. അജയകുമാറും രഞ്ജിത്തും ചേർന്നാണ് ചാരായക്കച്ചവടം നടത്തിയിരുന്നത്. അമ്പലപ്പുഴ, വണ്ടാനം, തോട്ടപ്പള്ളി ഭാഗങ്ങളിൽ ചാരായം വിൽപ്പന നടത്തിയതായി ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു. മുൻകൂർ ഓർഡർ സ്വീകരിച്ച് ഒരു ലിറ്റർ, രണ്ട് ലിറ്റർ, അഞ്ച് ലിറ്റർ അളവുകളിൽ ആവശ്യപ്പെടുന്ന സ്ഥലങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ ചാരായം എത്തിക്കും. വിശേഷ ദിവസങ്ങളിലും ബാറുകൾ പ്രവർത്തിക്കാത്ത ദിവസങ്ങളിലും ഇവരുടെ ചാരായത്തിന് വൻ ഡിമാന്റാണ്. ഒരു ലിറ്റർ ചാരായം 600 രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്. അമ്പലപ്പുഴ ഭാഗത്തെ ആവശ്യക്കാർക്ക് നൽകി മടങ്ങവേയാണ് മിച്ചമുള്ള ചാരായവുമായി പ്രതികൾ പിടിയിലാവുന്നത്.

ചാരായം ആവശ്യമുള്ളവർക്കായി തോട്ടപ്പള്ളി ഭാഗത്ത് പ്രാദേശിക കൂട്ടായ്മ രൂപീകരിച്ച് അംഗങ്ങൾ ആവശ്യപ്പെടുന്ന സമയത്ത് 'ഡോർ ടു ഡോർ' ഡെലിവറിയും നടത്തിയിരുന്നത്രെ. ചാരായം നിർമ്മിച്ച് നൽകിയ കരുവാറ്റ സ്വദേശിയെപ്പറ്റി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒളിസങ്കേതവും വാറ്റുകേന്ദ്രമെന്ന് സംശയിക്കുന്ന ഇല്ലിച്ചിറ ഭാഗത്തെ ആൾ താമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചും തിരച്ചിൽ നടത്തി.
ആലപ്പുഴ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എ.ആർ.സുൽഫിക്കർ, അസി. എക്‌സൈസ് കമ്മിഷണർ ജോസ് മാത്യു എന്നിവരുടെ പ്രത്യേക നിർദേശപ്രകാരമാണ് വാഹന പരിശോധനയും റെയ്ഡുകളും നടത്തിയത്. അജയകുമാർ നിരവധി പൊലീസ് കേസുകളിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എക്‌സൈസ് ഇൻസ്‌പെക്ടർ അമൽ രാജൻ, പ്രിവന്റീവ് ഓഫീസർ ജി. അലക്‌സാണ്ടർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.ജി.ഓംകാർനാഥ്, പി.അനിലാൽ, ടി.ജിയേഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എം.വി. വിജി, ഡ്രൈവർമാരായ വി.എസ്.ബെൻസി, എസ്.എൻ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.