photo

ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ഭരണസമിതിയ്ക്ക് മികച്ച പ്രവർത്തനങ്ങൾക്കുള്ള ജില്ലാ ശുചിത്വ സമിതിയുടെ സ്വഛ്താ മഹോത്സവ് 2019 അവാർഡ് ലഭിച്ചു. പഞ്ചായത്ത് നടപ്പിലാക്കിയ സ്വഛ്താ ഹി സേവാ പദ്ധതിയുടെ മികവാർന്ന പ്രവർത്തനങ്ങൾക്കും സംസ്ഥാനത്ത് തന്നെ ഏ​റ്റവുമധികം ഗോബർദ്ധൻ പ്ലാന്റുകൾ സ്ഥാപിച്ചതിനുമാണ് അവാർഡ്. ജില്ലയിൽ ഏ​റ്റവും അധികം ശൗചാലയങ്ങൾ നിർമ്മിച്ചത് തണ്ണീർമുക്കം ഗ്രാമപഞ്ചായത്താണ്.കഴിഞ്ഞ വർഷം കേന്ദ്ര സർക്കാരിന്റെ 15 ദിവസക്കാലം നീണ്ടു നിന്ന സ്വഛ്താഹി സേവാ പദ്ധതികളിൽ മുഴുവൻ പ്രവർത്തനവും പഞ്ചായത്ത് ഏറ്റെടുത്ത് നടത്തി.ജൈവമാലിന്യങ്ങൾ സംസ്‌കരിച്ച് അതിൽ നിന്ന് ഗ്യാസ് ഉത്പാദിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കിയതിന് പ്രത്യേക അവാർഡും നൽകി. പഞ്ചായത്തിൽ സ്ഥാപിച്ചിട്ടുള്ള 7 ഗോബർദ്ധൻ പ്ലാന്റുകളിൽ 6 എണ്ണം ഇതിനോടകം പ്രവർത്തന സജ്ജമാക്കി.അതിലൂടെ പാചക വാതക ഗ്യാസ് ലഭ്യമാക്കി വമ്പിച്ച നേട്ടമാണ് കൈവരിച്ചത്. ജില്ലാ പ്ലാനിംഗ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ്.ജ്യോതിസ് അവാർഡ് ഏറ്റുവാങ്ങി.സുധർമ്മ സന്തോഷ് ,പി.സി.സേവ്യർ,ജില്ലാ ശുചിത്വ മിഷൻ കോർഡിനേ​റ്ററും ജില്ലാ സാനി​റ്റേഷൻ കൺവീനറുമായ ബിൻസ്.സി. തോമസ്,ജില്ലാപ്ലാനിംഗ് ഓഫീസർ ലതി,ശുചിത്വമിഷൻ കോർഡിനേ​റ്റർ ലോറൻസ് എന്നിവർ പങ്കെടുത്തു.