photo

ചേർത്തല:കണ്ടമംഗലം ആറാട്ടുകുളം ശക്തിവിനായക ക്ഷേത്രത്തിൽ നടക്കുന്ന ഗണേശ മഹാസത്രത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.ഓലയിൽ നിർമ്മിച്ച യജ്ഞശാലയും പ്രവേശന കവാടവും മുഖ്യ ആകർഷണമാണ്.കുരുത്തോലകളാലും ദീപാലങ്കാരങ്ങളാലും ക്ഷേത്രസങ്കേതവും പരിസരങ്ങളും അണിഞ്ഞൊരുങ്ങി.15000ത്തോളം പേരെ ഉൾക്കൊള്ളുന്ന തരത്തിൽ ജർമ്മൻ ടെക്‌നോളജിയിൽ നിർമ്മിച്ച പുതിയ പന്തലും പൂർത്തിയായി.സത്ര വേദിയിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹവും ഭദ്റദീപവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് വൈകിട്ട് 4ന് കണ്ടമംഗലം ശ്രീ രാജരാജേശ്വരി മഹാക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും.ഉണ്ണിഗണപതി വേഷം ധരിച്ച 1008 കുട്ടികൾ ഘോഷയാത്രയ്ക്ക് അകമ്പടിയാകും. 5 ന് നടക്കുന്ന സത്ര സമാരംഭ സമ്മേളനം കേന്ദ്രമന്ത്റി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. മന്ത്റി പി. തിലോത്തമൻ അദ്ധ്യക്ഷനാകും.തമിഴ്‌നാട് മന്ത്റി ഉടുമലൈ രാധാകൃഷ്ണൻ ദീപ പ്രകാശനം നിർവഹിക്കും.ഒന്നിന് രാവിലെ 6.30 ന് ശബരിമല ക്ഷേത്രം മേൽശാന്തി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാഗണപതി ഹോമം. 8.30 ന് കുട്ടിയാനയുടെ സാന്നിദ്ധ്യത്തിൽ പ്രത്യക്ഷ ഗണപതി പൂജയും നടക്കും. ഡോ. പള്ളിക്കൽ സുനിൽ ആചാര്യനായുള്ള ഗണേശ മഹാ സത്രം 5 നാണ് സമാപിക്കുന്നത്. പഞ്ചദിന ഗണേശ മഹാസത്രസന്നിധിയിൽ ഉയർത്താനുള്ള പതാക ഘോഷയാത്ര ഒളതല ഘണ്ടാകർണ്ണക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണീയൻ വൈസ് പ്രസിഡന്റ് പി.ജീ.രവീന്ദ്രൻ അഞ്ജലി ഉദ്ഘാടനം ചെയ്തു. ധനേഷ് ഒളതല അദ്ധ്യക്ഷത വഹിച്ചു.