മാന്നാർ: ബി.ബി.എ വിദ്യാർത്ഥി ഈറോഡിൽ ബൈക്കപകടത്തിൽ മരിച്ചു. എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം തെക്കും മുറിയിൽ ഹരിമംഗലം വീട്ടിൽ മനോഹരൻ ഉണ്ണിത്താന്റെയും ഉഷയുടെയും മകൻ ഹരികൃഷ്ണനാണ് (21) മരിച്ചത്. ബംഗളൂരുവിൽ ബി.ബി.എ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു.
ഞായറാഴ്ച നാട്ടിൽ നിന്ന് കോളേജിലേക്ക് തിരിച്ച ഹരികൃഷ്ണൻ ആദ്യം പാലക്കാട്ടുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തി. ഇവിടെ നിന്ന് ഇരുവരും ബൈക്കിൽ കോളേജിലേക്ക് പോകുമ്പോൾ തിങ്കളാഴ്ച വൈകിട്ട് 5.30 ന് എൻ.എച്ച് 666ൽ ഈറോഡിൽ വിവേകാനന്ദ കോളേജിന്റെ ബസുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഈറോഡ് കുമാരപാളയം ഗവ.ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഹരികൃഷ്ണന്റെ ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതരപരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഹരികൃഷ്ണന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.സഹോദരി :ഹരിതാ ലക്ഷ്മി (മാവേലിക്കര ബി.എച്ച് സ്‌കൂൾ വിദ്യാർത്ഥിനി ).