ചേർത്തല: രുചിപ്പെരുമ പെരുമ്പറ കൊട്ടിയ ചേർത്തല 'അപ്സര' ഹോട്ടലിന് അര നൂറ്റാണ്ടിലേറെ നായകത്വം വഹിച്ച രാജീവ പണിക്കർ, തന്റെ മരണാനന്തരവും ലാളിത്യം തനിക്കൊപ്പം ഉണ്ടായിരിക്കണമെന്ന് ബന്ധുക്കളെ പ്രത്യേകം ഓർമ്മിപ്പിച്ച ശേഷമാണ് യാത്രയായത്. 2015 മേയ് ഒന്നിന് സ്വന്തം കൈപ്പടയിൽ എഴുതിയ നിർദ്ദേശങ്ങൾ ലാമിനേറ്റ് ചെയ്ത് അദ്ദേഹം വീട്ടിൽ പ്രദർശിപ്പിച്ചിരുന്നു.
കഴിഞ്ഞ 28ന് രാത്രിയിലാണ് അപ്സര ഹോട്ടൽ ഉടമ കളവംകോടം മുടിയാച്ചിറയിൽ രാജീവപണിക്കർ (89) നിര്യാതനായത്. ഭാര്യയും മക്കളും മറ്റു ബന്ധുക്കളും നാട്ടുകാരും വായിച്ചറിയുന്നതിനും അതിനനുസരിച്ച് പ്രവർത്തിക്കുന്നതിനും വേണ്ടി മുൻകൂട്ടി എഴുതിവയ്ക്കുന്ന അറിയിപ്പ് എന്നാണ് കുറിപ്പ് ആരംഭിക്കുന്നത്.
'ഞാൻ കാലഗതി പ്രാപിച്ച് കഴിഞ്ഞാൽ സാധാരണ നടത്തുന്ന ആചാരങ്ങൾ ഒന്നും നടത്തേണ്ടതില്ല. പകരം ലളിതമായ രീതിയിൽ ദഹിപ്പിക്കുകയോ കുഴിച്ചു മൂടുകയോ എതാണോ സൗകര്യമെന്നു വെച്ചാൽ അത് മതിയാകും. മരിച്ചു കഴിഞ്ഞ നിലയ്ക്ക് ഇനി ജീവിക്കുകയില്ലാത്തതിനാൽ ശരീരത്തിൽ യാതൊരു വിധ ശുദ്ധീകരണവും ചെയ്യേണ്ടതില്ല. അതിന്റെ ആവശ്യവുമില്ല. ഒരു വെള്ള മുണ്ടിട്ട് മൂടിയേക്കുക. തത്കാലം തലയ്ക്കൽ ഒരു നിലവിളക്ക് കത്തിക്കുക. അതിൽ കവിഞ്ഞ് ഒന്നും പാടില്ല. ബന്ധുമിത്രാദികളെയെക്കെ അറിയിക്കണം. അടിയന്തിരാദികൾ ഒന്നും തന്നെ പാടില്ലെന്ന് ഇതിനാൽ വിലക്കിയിരിക്കുന്നു. എന്റെ ആത്മാവിന് തൃപ്തി വേണമെങ്കിൽ ഈ അറിയിപ്പിൽ വെളിപ്പെടുത്തിയിട്ടുള്ള നിർദ്ദേശങ്ങൾ അക്ഷരം പ്രതി പാലിക്കേണ്ടതാണ്'- എന്നാണ് കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രിയംവദ മന്ദിരത്തിലെ അശോകന് വേണ്ടി കളവംകോടം ബാലകൃഷ്ണൻ എഴുതി കൊടുത്തതിന്റെ അനുകരണമാണ് ഇതെന്നും താഴെ സൂചിപ്പിച്ചിട്ടുണ്ട്. പണിക്കരുടെ നിർദ്ദേശങ്ങൾ പൂർണമായി നടപ്പാക്കിയാണ് കുടുംബം മരണാനന്തര ചടങ്ങുകൾ നടത്തിയത്.
മായമില്ലാത്ത ആഹാരമായിരുന്നു 56 വർഷമായി ചേർത്തലയിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ പ്രത്യേകത. പാചകം മുതൽ വിതരണം വരെ ഭക്ഷണശാലയിലെ എല്ലായിടത്തും എല്ലാദിവസവും പണിക്കരുടെ സാന്നിദ്ധ്യമുണ്ടാകും. ഭക്ഷണം ഉപയോഗിക്കുന്നതിനെപ്പറ്റിയും അത് കളയുന്നത് കുറ്റമാണെന്ന് തെളിയിക്കുന്ന പത്രവാർത്തകളും ഹോട്ടലിൽ പ്രത്യേകം ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. പാത്രങ്ങൾ കഴുകാൻ അറക്കപ്പൊടിയാണ് ഉപയോഗിച്ചിരുന്നത്. ഉച്ചയ്ക്ക് ഉൗണിനുള്ള വിഭവങ്ങൾ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിറകടുപ്പിലാണ് തയ്യാറാക്കുന്നത്. ചില വിഭവങ്ങൾ മാത്രമാണ് ഗ്യാസ് അടുപ്പിൽ പാചകം ചെയ്തിരുന്നത്.
നഗരത്തിൽ ആദ്യം ഹോട്ടൽ പ്രവർത്തിച്ചിരുന്ന സ്ഥലം അപ്സര ജംഗ്ഷൻ എന്നാണ് അറിയപ്പെടുന്നത്. ഇപ്പോൾ എക്സ്റേ ജംഗഷന് തെക്ക് ഭാഗത്ത് ദേശീയ പാതയോരത്താണ് ഹോട്ടൽ പ്രവർത്തിക്കുന്നത്.