t

കരുവാറ്റ: പൊടുന്നനെ ഒരു ദിനം നൊമ്പരമായി മാറിയ മകന്റെ സ്മരണകൾ സാക്ഷ്യം വഹിച്ച വേദിയിൽ, അംഗൻവാടിക്കു വേണ്ടി സൗജന്യമായി നൽകിയ സ്ഥലത്തിന്റെ ആധാരം പഞ്ചായത്ത് സെക്രട്ടറിക്കു രാജൻ കൈമാറി. കുരുന്നുകളുടെ കൈപിടിച്ച് പതിറ്റാണ്ടുകളോളം നടന്നിട്ടും സ്വന്തമായൊരു കെട്ടിടമെന്ന സ്വപ്നം കൈയെത്താ ദൂരം നിന്ന ആ അംഗൻവാടിക്ക് അതൊരു ശുഭ മുഹൂർത്തമായിരുന്നു.

കരുവാറ്റ ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലെ 65-ാം നമ്പർ അംഗൻവാടിക്കു വേണ്ടിയാണ്, വാർഡ് മെമ്പർ കൂടിയായ പുത്തൻപറമ്പിൽ കെ.ആർ. രാജൻ തന്റെ വീടിനു മുൻവശത്ത് ടാർ റോഡിനു സമീപത്തായി മൂന്നു സെന്റ് കൈമാറിയത്. അംഗൻവാ‌ടി കെട്ടിടത്തിന് 18 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും താങ്ങാൻ കഴിയുന്ന വിലയിൽ അനുയോജ്യമായൊരു സ്ഥലം കണ്ടെത്താനായില്ല. ഇപ്പോഴും വാടകക്കെട്ടിടത്തിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്.

രാജൻ വാർഡ് മെമ്പർ ആയ ശേഷവും സ്ഥലം കണ്ടെത്താൻ ഒരുപാട് പരിശ്രമങ്ങൾ നടത്തി. ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ഇതോടെയാണ് തന്റെ വസ്തുവിൽ ഒരു ഭാഗം സൗജന്യമായി കൈമാറാൻ തീരുമാനിച്ചത്. സെന്റിന് രണ്ടു ലക്ഷം വരെ മതിപ്പുവിലയുള്ള ഭൂമിയാണിത്.

രാജന്റെ ഇളയ മകൻ, എം.ബി.എ വിദ്യാർത്ഥിയായിരുന്ന ശ്രീകാന്ത് (22) മൂന്നു വർഷം മുമ്പ് ദേശീയപാതയിൽ കരുവാറ്റ കടുവൻകുളം ജംഗ്ഷനു വടക്കു ഭാഗത്തുണ്ടായ ബൈക്കപകടത്തിൽ മരണമടഞ്ഞിരുന്നു. സുഹൃത്തിനൊപ്പം ബുള്ളറ്റിൽ സഞ്ചരിക്കവേ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ സുഹൃത്തും മരിച്ചു. ശ്രീകാന്തിന്റെ സ്മരണാർത്ഥമാണ് അംഗൻവാടിക്ക് ഭൂമി നൽകിയത്. ആധാരം പഞ്ചായത്ത് സെക്രട്ടറി ദീപ്തി നായർക്ക് രാജൻ കൈമാറി.