ചേർത്തല:കണ്ടമംഗലം ആറാട്ടുകുളം ശക്തിവിനായക ക്ഷേത്രത്തിൽ പഞ്ചദിന ഗണേശമഹാസത്രത്തിന് തുടക്കമായി. ക്ഷേത്രാങ്കണത്തിൽ നടന്ന സമ്മേളനത്തിൽ തമിഴ്‌നാട് വാണിജ്യകാര്യസഹമന്ത്റി ഉടുമലൈ രാധാകൃഷ്ണൻ പ്രധാന വിളക്കിൽ ദീപംതെളിച്ച് സത്രം ഉദ്ഘാടനം ചെയ്തു.മന്ത്റി പി.തിലോത്തമൻ അദ്ധ്യക്ഷനായി.ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി വിഗ്രഹ സമർപ്പണം നടത്തി. സിനിമാതാരം ദിനേശ് പ്രഭാകർ മുഖ്യാതിഥിയായി.വെള്ളിയാകുളം പരമേശ്വരൻ,രാജീവ് ആലുങ്കൽ,എസ്.വി.ബാബു,കെ.ആർ.പ്രമോദ്,സി.കെ.ഷാജിമോഹൻ,ഗോപാലകൃഷ്ണൻനായർ,പി.ഡി.ഗഗാറിൻ,പി.എസ്.രാജീവ്,എൻ.രാമദാസ്,പി.എൻ.പ്രസന്നൻ,കെ.ഡി.ജയരാജ്,സജേഷ് നന്ത്യാട്ട്,ടി.ബിനു പുത്തൻതറ തുടങ്ങിയവർ പങ്കെടുത്തു.
സത്ര സമാരംഭ സഭയ്ക്ക് മുന്നോടിയായി കണ്ടമംഗലത്തു നിന്നും വിഗ്രഹ ഭദ്റദീപ,കൊടിമര,പതാക ജാഥകൾ 1008 ഉണ്ണിഗണപതി വേഷംധരിച്ച കുട്ടികളുടെ അകമ്പടിയോടെ ആയിരങ്ങളണിനിരന്ന സാംസ്‌കാരിക ഘോഷയാത്രയായാണ് സത്രവേദിയിലേക്കെത്തിച്ചത്.പള്ളിക്കൽ സുനിലാണ് യജ്ഞാചാര്യൻ.ഇന്ന് രാവിലെ ശബരിമല തന്ത്റി കണ്ഠരര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതിഹോമം.ടി.ഡി.പ്രകാശൻ തച്ചാപറമ്പിൽ ദീപ പ്രകാശനം നടത്തും.വൈകിട്ടു നടക്കുന്ന സത്രസന്ദേശ സദസ് മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.15000 പേർക്ക് ഇരിക്കാവുന്ന പന്തലാണ് സജ്ജമാക്കിയിരിക്കുന്നത്.
സത്രദിനങ്ങളിൽ എത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും മൂന്നുനേരം അന്നദാനവും ഒരുക്കിയിട്ടുണ്ട്.ഒന്നര ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. കലവറഅടുപ്പിൽ കുമ്പളം ശ്രീകല ബാലചന്ദ്രൻ അഗ്‌നിപകരും.5ന് സത്രം സമാപിക്കും.5ന് വൈകിട്ട് 5ന് നടക്കുന്ന സത്രസമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.പി.എസ്.രാജീവ് അദ്ധ്യക്ഷത വഹിക്കും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപഹാര സമർപ്പണവും മുഖ്യപ്രഭാഷണവും നടത്തും.