ചേർത്തല: കരപ്പുറത്തെ പ്രധാന ക്ഷേത്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും ഇന്നലെ ബലിതർപ്പണം നടത്തിയത് ആയിരങ്ങൾ.
മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രത്തിൽ പിതൃപ്രീതിക്കായി നമസ്‌കാരവും മറ്റു വഴിപാടുകളും നടത്താൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പ്രത്യേകം അഴികെട്ടിയാണ് ഭക്തരെ പ്രേവേശിപ്പിച്ചത്. 400 പറ അരിയുടെ നമസ്‌കാര ചോറും 30,000 ലിറ്റർ ഒൗഷധ താൾക്കറിയുമാണ് വിതരണം ചെയ്തത്. കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ രാവിലെ 7 മുതൽ ബലിതർപ്പണം നടന്നു. കൂട്ടനമസ്കാരം, പിതൃപൂജ തുടങ്ങിയ വഴിപാടുകൾ നടത്താൻ വൻ തിരക്കായിരുന്നു. ചെറുവാരണം ശ്രീനാരായണ പുരം (പുത്തനമ്പലം) ക്ഷേത്രത്തിൽ ആയിരങ്ങൾ ബലി തർപ്പണം നടത്തി. പുലർച്ചെ 6ന് തുടങ്ങിയ ബലി കർമ്മങ്ങൾ ഉച്ചവരെ നീണ്ടു. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ പേർ ബലിതർപ്പണത്തിന് എത്തുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് പുത്തനമ്പലം. മേൽശാന്തി പി.ഡി. പ്രകാശദേവൻ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ആര്യക്കര ഭഗവതി ക്ഷേത്രത്തിൽ വാവുബലി ചടങ്ങുകൾ പുലച്ചെ 5ന് തുടങ്ങി. 2000ത്തിലധികം പേരാണ് ബലിതർപ്പണത്തിന് എത്തിയത്. മേൽ ശാന്തി ബിജു ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
മാരാരിക്കുളം മഹാദേവ ക്ഷേത്രത്തിൽ ഹരിണതീർത്ഥത്തിൽ പിതൃതർപ്പണ ചടങ്ങുകൾ നടന്നു. വേളോർവട്ടം പുതുമന ഇല്ലത്ത് ജയകൃഷ്ണ ശർമ്മ മുഖ്യകാർമ്മികത്വം വഹിച്ചു. തൈക്കൽ ശിവപുരി കടപ്പുറത്ത് നടന്ന ബലി തർപ്പണത്തിന് പുരോഹിതൻ കെ.കെ.കണ്ണപ്പൻ മുഖ്യകാർമ്മികത്വം വഹിച്ചു. രാവിലെ 8 മുതൽ ശിവപുരി ഭക്തജന സമിതിയുടെ അന്നദാനവും നടന്നു.
വയലാർ നീലിമംഗലം രാജരാജേശ്വരി ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണത്തിന് ക്ഷേത്രം മേൽശാന്തി ബിജു ശാന്തി മുഖ്യകാർമ്മികനായി. കണ്ടമംഗലം രാജരാജേശ്വരി മഹാദേവി ക്ഷേത്രത്തിൽ വാവുബലിയും തിലഹോമവും നടന്നു. ക്ഷേത്രം മേൽശാന്തി പി.കെ. ചന്ദ്രദാസ് ശാന്തി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ചേർത്തല വിജ്ഞാന സന്ദായിനി മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിന് തന്ത്രി ഡി.എം. മുകുന്ദൻ മാധവൻ നേതൃത്വം നൽകി. ചേർത്തല കാളികുളം വേണുഗോപാല ക്ഷേത്രം, ശാവശേരി മഹാവിഷ്ണു ക്ഷേത്രം, വയലാർ വടക്ക് കോയിക്കൽ ക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണം നടന്നു.