mamata

ന്യൂഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ചിത്രം മോർഫ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോടതി ഉത്തരവ് നടപ്പാക്കാൻ വൈകിയതിൽ ബംഗാൾ സർക്കാരിന് സുപ്രീംകോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. മമതയുടെ മോർഫ് ചെയ്ത ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചതിന് അറസ്റ്റിലായ ബി.ജെ.പി വനിതാ മോർച്ച നേതാവ് പ്രിയങ്ക ശർമ്മയുടെ സഹോദരൻ നൽകിയ ഹർജിയിലാണ് നടപടി. നാലാഴ്ചയ്ക്കകം സർക്കാർ മറുപടി നൽകണം.

മേയ് 10ന് ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്ത പ്രിയങ്ക ശർമ്മയെ ഉടൻ ജയിലിൽ നിന്ന് വിട്ടയക്കാൻ മേയ് 14ന് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ അന്ന് പ്രിയങ്കയെ മോചിപ്പിച്ചില്ല. മേയ് 15നാണ് മോചിപ്പിച്ചത്. തുടർന്ന് മമത സർക്കാരിനെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. കോടതി ഉത്തരവ് കിട്ടാൻ വൈകിയതിനാലാണ് മോചനം നീണ്ടുപോയതെന്നാണ് സർക്കാർ നിലപാട്. ന്യൂയോർക്കിലെ മെറ്റ് ഗാല ചടങ്ങിൽ പങ്കെടുത്തപ്പോഴുള്ള ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ചിത്രത്തിൽ മമതയുടെ മുഖം മോർഫ് ചെയ്ത് ചേർത്തത് ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തിനാണ് കേസ് എടുത്തത്. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിലായിരുന്നു നടപടി. പ്രിയങ്ക ശർമ്മയുടെ അറസ്റ്റിൽ സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ ബി.ജെ.പി വ്യാപക പ്രതിഷേധമുയർത്തിയിരുന്നു.