ന്യൂഡൽഹി: കടുംപിടുത്തം തുടരുന്ന രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ ശ്രമവും ഫലംകണ്ടില്ല. തീരുമാനം പുന:പരിശോധിക്കണമെന്ന് അഞ്ച് മുഖ്യമാരും ആവശ്യപ്പെട്ടെങ്കിലും അദ്ധ്യക്ഷ സ്ഥാനം ഒഴിയുമെന്ന നിലപാടിൽ രാഹുൽ ഉറച്ചു നിന്നു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി എന്നിവരാണ് രാഹുലിനെ ഔദ്യോഗിക വസതിയിൽ ഇന്നലെ നടന്ന പ്രത്യേക യോഗത്തിൽ പങ്കെടുത്തത്.
ആളുകളെ മാറ്റി, സംഘടനയിൽ അഴിച്ചു പണി നടത്താൻ രാഹുലിന് സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞതായി യോഗത്തിനു ശേഷം അശോക് ഗെലോട്ട് വിശദീകരിച്ചു. രാഹുൽ നേതൃ നിരയിൽ തുടരണമെന്നും ആവശ്യപ്പെട്ടു. രണ്ടു മണിക്കൂർ നീണ്ട യോഗത്തിൽ തങ്ങളുടെ നിർദ്ദേശങ്ങൾ രാഹുൽ ശ്രദ്ധാപൂർവ്വം കേട്ടുവെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ യോഗത്തിൽ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രിമാർ പറഞ്ഞു. കമൽനാഥ് പി.സി.സി അദ്ധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് നേരത്തെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. കമൽനാഥും അശോക് ഗെലോട്ടും തങ്ങളുടെ മക്കളെ ജയിപ്പിക്കാൻ മാത്രമാണ് ശ്രമിച്ചതെന്നും പാർട്ടിയെ മറന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു.