jammu-

ന്യൂഡൽഹി: ജമ്മു കാശ്‌മീരിൽ ഈമാസം മൂന്നു മുതൽ ആറുമാസത്തേക്കു കൂടി രാഷ്‌ട്രപതി ഭരണം നീട്ടാനുള്ള ബില്ലിന് രാജ്യസഭയും അംഗീകാരം നൽകി. ലോക്സഭ കഴിഞ്ഞ ദിവസം ബിൽ പാസാക്കിയിരുന്നു. അതിർത്തിയിൽ താമസിക്കുന്നവർക്ക് സംവരണം ഏർപ്പെടുത്താനുള്ള ബില്ലും പാർലമെന്റ് പാസാക്കി. ന്യൂനപക്ഷമായ രാജ്യസഭയിൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി അടക്കം പ്രതിപക്ഷ പിന്തുണയോടെ നിർണായ ബിൽ പാസാക്കാൻ കഴിഞ്ഞത് കേന്ദ്രസർക്കാരിന് നേട്ടമായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇരുബില്ലുകളും പാർലമെന്റിൽ അവതരിപ്പിച്ചത്.

ജമ്മു കാശ്മീർ വിഭജനത്തിന് ഉത്തരവാദി ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവാണെന്ന കഴിഞ്ഞ ദിവസത്തെ ആരോപണം അമിത് ഷാ രാജ്യസഭയിലും ആവർത്തിച്ചു. നെഹ്റുവിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും ആർ.ജെ.ഡി നേതാവ് മനോജ് ഝായും ബില്ലിന്റെ ചർച്ചയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചിട്ടില്ലെന്നും തെറ്റുകളിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ രാജ്യത്തിന് ഭാവിക്ക് നല്ലതല്ലെന്ന് പറയുക മാത്രമാണ് ചെയ്‌തെന്നും അമിത് ഷാ വിശദീകരിച്ചു. കാശ്മീരിന്റെ വലിയൊരു ഭാഗം പാകിസ്ഥാൻ കൈവശം വച്ചിരിക്കെ വിഷയവുമായി ഐക്യരാഷ്‌ട്രസഭയിൽ പോയത് ചരിത്രപരമായ അബദ്ധമാണെന്നും ഷാ പറഞ്ഞു.

ജമ്മു കാശ്‌മീരിൽ രാഷ്‌ട്രപതി ഭരണം നീട്ടിക്കൊണ്ടു പോകാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാത്തത് സുരക്ഷാ പ്രശ്‌നങ്ങൾ കാരണമാണ്.