ന്യൂഡൽഹി: ലോക്‌സഭയിൽ ശൂന്യവേളയിൽ മണ്ഡലത്തിലെ കർഷകരുടെ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ നോട്ടീസ് നൽകിയ ആലത്തൂർ എംപി രമ്യാ ഹരിദാസിന്റെ പേരു വിളിച്ച സ്‌പീക്കർ ഓം ബിർളയ്‌ക്ക് നാക്കുപിഴച്ചു. രമ്യാ ഹരിദാസിന്റെ പേരു വിളിച്ചത് രാമയ്യ എന്ന്!
പ്രസംഗിക്കാൻ എഴുന്നേറ്റ രമ്യ, തന്റെ പേര് തെറ്റിച്ച കാര്യം ആദ്യമേ ചൂണ്ടിക്കാട്ടി. ആദ്യമായി വിളിച്ചതുകൊണ്ട് പറ്റിയതാണെന്ന് സ്‌പീക്കറുടെ ഖേദപ്രകടനം. തുടർന്ന് രമ്യയ്ക്ക് പ്രശംസയും. എം.പി ചില്ലറക്കാരിയല്ലെന്നും ബ്ളോക്ക് പഞ്ചായത്ത് തലത്തിൽ മികച്ച പ്രവർത്തനം നടത്തിയ ആളാണെന്നും സ്പീക്കറുടെ കമന്റ്. പഴം, പച്ചക്കറി കർഷകർ ഏറെയുള്ള തന്റെ മണ്ഡലത്തിൽ, ബാക്കിവരുന്ന വിളകൾ സൂക്ഷിക്കാൻ സൗകര്യമില്ലെന്ന് രമ്യ ചൂണ്ടിക്കാട്ടി. മണ്ഡലത്തിൽ അടിയന്തരമായി കോൾഡ് സ്‌റ്റോറേജ് അനുവദിക്കണമെന്നായിരുന്നു കൃഷി മന്ത്രിയോട് രമ്യയുടെ ആവശ്യം.