ന്യൂഡൽഹി: ആർ.എസ്.പി എം.പി എൻ.കെ. പ്രേമചന്ദ്രനെ ലോക്സഭ
നടപടികൾ നിയന്ത്രിക്കുന്നതിനുളള ചെയർമാൻ പാനലിലേക്ക് സ്പീക്കർ ഓം ബിർള നോമിനേറ്റ് ചെയ്തു. ഒരംഗം മാത്രമുള്ള പാർട്ടിയെ സ്‌പീക്കർ പാനലിൽ ഉൾപ്പെടുത്തുന്നത് അപൂർവമായതിനാൽ 2014 മുതലുള്ള എൻ.കെ. പ്രേമചന്ദ്രന്റെ സഭയിലെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമായി ഇതിനെ കണക്കാക്കാം. സ്‌പീക്കർ ഇല്ലാത്ത അവസരങ്ങളിൽ സഭാ നടപടികൾ നിയന്ത്രിക്കുക പാനൽ അംഗങ്ങളാണ്.
ഇന്നലെ ചോദ്യോത്തര വേള കഴിഞ്ഞ് സ്‌പീക്കർ പ്രേമചന്ദ്രനെ പാനലിൽ അംഗമാക്കിയ വിവരം അറിയിച്ചപ്പോൾ അംഗങ്ങൾ ഭരണ പ്രതിപക്ഷ ഭേദമെന്യേ ഹർഷാരവത്തോടെ സ്വാഗതം ചെയ്‌തു. പ്രേമചന്ദ്രൻ സഭയിൽ മുഴുവൻ സമയവും ഇരിക്കുന്ന അംഗമാണെന്നും സഭാ നടപടിക്രമങ്ങളിലും ചട്ടങ്ങളിലുമുള്ള അറിവും സഭയിലെ സജീവമായ ഇടപെടലും പരിഗണിച്ചാണ് ചെയർമാൻ പാനലിൽ ഉൾപ്പെടുത്തിയതെന്നും സ്‌പീക്കർ പറഞ്ഞു.
ശുന്യവേളയിൽ ഇ.എസ്.ഐ മെഡിക്കൽ കോളേജുകളിൽ തൊഴിലാളികളുടെ മക്കൾക്കുള്ള പ്രവേശനം തടഞ്ഞ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ പാനൽ അംഗമാക്കിയതിന് പ്രേമചന്ദ്രൻ നന്ദി രേഖപ്പെടുത്തി. ഭരണപക്ഷത്തിന് വൻ ഭൂരിപക്ഷമുള്ള ലോക്സഭയിൽ പ്രതിപക്ഷത്തെ ശക്തനായ വക്താവായി കഴിഞ്ഞ ലോക്സഭ മുതൽ പ്രേമചന്ദ്രൻ കഴിവ് തെളിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന എല്ലാ ബില്ലുകളിലും പ്രേമചന്ദ്രൻ വക ഭേദഗതി പതിവാണ്. കോൺഗ്രസ് പ്രതിനിധിയായി കൊടിക്കുന്നിൽ സുരേഷും പാനലിൽ അംഗമാണ്.