rahul-gandhi

ന്യൂഡൽഹി: നേതാക്കളുടെ അനുനയങ്ങൾക്കൊന്നും വഴങ്ങാതെ രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജി ഇന്നലെ പരസ്യമായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മേയ് 25ന് തന്നെ പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ രാജി സന്നദ്ധത അറിയിച്ചിരുന്നു.

പാർട്ടി അദ്ധ്യക്ഷനെന്ന നിലയിൽ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റാണ് രാജിയെന്നും യോഗ്യനായ പകരക്കാരൻ വരുമെന്നും പാർട്ടിയെ നന്നാക്കാൻ കടുത്ത തീരുമാനങ്ങൾ ആവശ്യമാണെന്നും ഇന്നലെ ട്വിറ്ററിലൂടെ പുറത്തുവിട്ട രാജിക്കത്തിൽ പറയുന്നു.
പാർട്ടി ഉപാദ്ധ്യക്ഷനായിരുന്ന രാഹുൽ 2017 ഡിസംബർ 16നാണ് അമ്മ സോണിയാ ഗാന്ധിയിൽ നിന്ന് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.

പാർട്ടി ഭരണഘടന പ്രകാരം മുതിർന്ന ജനറൽ സെക്രട്ടറിയായ ഗുലാം നബി ആസാദിനാണ് പകരം ചുമതല നൽകേണ്ടത്. എന്നാൽ, പ്രവർത്തക സമിതിയിലെ മുതിർന്ന അംഗവും മുൻ ട്രഷററുമായ മോത്തിലാൽ വോറയ്‌ക്ക് ചുമതല നൽകിയതായി അഭ്യൂഹമുണ്ട്. ഒന്നിലധികം നേതാക്കൾക്ക് ചുമതല നൽകാനും ചട്ടമുണ്ട്. പ്രവർത്തക സമിതി ഉടൻ ചേർന്ന് രാഹുലിന്റെ രാജി അംഗീകരിച്ച് താത്കാലിക പ്രസിഡന്റിനെ തിരഞ്ഞെടുക്കും.പിന്നീട് സ്ഥിരം അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ തുടങ്ങും.

ഉപാദ്ധ്യക്ഷൻ ഇല്ലാത്തതിനാൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ കെ.സി. വേണുഗോപാലിനാണ് പ്രവർത്തക സമിതി വിളിക്കേണ്ട ചുമതല. പുതിയ അദ്ധ്യക്ഷനെ കണ്ടെത്താൻ പ്രവർത്തക സമിതിയിലെ നേതാക്കൾക്ക് രാഹുൽ നിർദ്ദേശം നൽകിയിട്ടുണ്ട്. പകരക്കാരായി മുകുൾ വാസ്‌നിക്, ഗുലാം നബി ആസാദ്, മല്ലികാർജ്ജുൻ ഖാർഗെ തുടങ്ങിയവരുടെ പേരുകൾ കേൾക്കുന്നുണ്ട്.

വിഫലമായ സമവായം

രാജിയിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള മുതിർന്ന നേതാക്കളുടെ ശ്രമങ്ങൾക്കിടെയാണ് ഏവരെയും ഞെട്ടിച്ച് കത്ത് പരസ്യപ്പെടുത്തിയത്. രാഹുലിനെ സമ്മർദ്ദത്തിലാക്കാൻ എ.ഐ.സി.സി, പോഷക സംഘടനാ ഭാരവാഹികൾ നൽകിയ രാജിക്കത്തും കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ നീക്കവും ഫലിച്ചില്ല.

 2004ൽ അമേതിയിൽ നിന്ന് ലോക് സഭയിലെത്തി രാഷ്‌‌ട്രീയത്തിൽ സജീവമായ രാഹുൽ 2007ൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പദവും യൂത്ത് കോൺഗ്രസ്, എൻ.എസ്.യു.ഐ എന്നിവയുടെ ചുമതലയും ഏറ്റെടുത്തു.

 2013ൽ കോൺഗ്രസ് ഉപാദ്ധ്യക്ഷനും 2017 ഡിസംബറിൽ അദ്ധ്യക്ഷനുമായി.

 2009, 2014 വർഷങ്ങളിലും ജയിച്ച അമേതിയിൽ 2019 ൽ ബി.ജെ.പിയിലെ സ്മൃതി ഇറാനിയോട് തോറ്റു. കാത്തത് വയനാട് മണ്ഡലം.