ന്യൂഡൽഹി:ആറു വിമാനത്താവളങ്ങളെ പൊതു, സ്വകാര്യ പങ്കാളിത്തത്തിലൂടെ (പി.പി.പി ) വികസിപ്പിക്കുന്നതിന്റെ ഭാഗമായി അഹമ്മദാബാദ്, ലക്നൗ, മംഗലാപുരം വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി. 50 വർഷത്തേക്കാണ് പാട്ടം.
നടപടികൾ പൂർത്തിയായശേഷം തിരുവനന്തപുരം, ജയ്പൂർ, ഗോഹട്ടി വിമാനത്താവളങ്ങളുടെ കാര്യത്തിലും മന്ത്രിസഭ തീരുമാനമെടുക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. അദാനി എൻറർപ്രൈസസാണ് ആറുവിമാനത്താവളങ്ങളുടെയും കരാർ ലേലത്തിൽ നേടിയത്.
അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കേരളത്തിന് നൽകണമെന്ന് ആവശ്യപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്ന് വ്യോമയാന സഹമന്ത്രി ഹർദീപ് സിംഗ്പുരി ഇന്നലെ രാജ്യസഭയിൽ ബിനോയ് വിശ്വത്തെ അറിയിച്ചു.
നിലവിൽ ന്യൂഡൽഹി, മുംബയ്, ഹൈദരാബാദ്, ബംഗളുരു വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യകമ്പനികൾക്കാണ്.
2018 നവംബറിലാണ് തിരുവനന്തപുരം, അഹമ്മദാബാദ്, ജയ്പൂർ, ലക്നൗ, ഗോഹട്ടി, മംഗലാപുരം വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യവൽകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇതുവഴി എയർപോർട്ട് അതോറിട്ടിക്ക് വരുമാനം കൂട്ടാനും വിമാനത്താവളങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്താനുമാണ് ലക്ഷ്യമിടുന്നത്.
ഡൽഹി, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ ചുമതലയുള്ള ജി.എം.ആർ ഗ്രൂപ്പിനെ ഉൾപ്പടെ മറികടന്നാണ് അദാനി ഗ്രൂപ്പ് കരാർ നേടിയത്. ലേല നടപടികൾ പൂർത്തിയാക്കിയപ്പോഴേക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിനാൽ അദാനിക്ക് കൈമാറാനുള്ള തീരുമാനം കേന്ദ്രം നീട്ടുകയായിരുന്നു.
മുഖ്യമന്ത്രിയുടെ കത്ത് കിട്ടി
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിൽ സംസ്ഥാന സർക്കാർ കടുത്ത എതിർപ്പുയർത്തിയിട്ടുണ്ട്. തിരുവനന്തപുരത്തിനായി കേരള സർക്കാർ ഉടമസ്ഥതയിലുള്ള കെ.എസ്.ഐ.ഡി.സിയുടെ ട്രിവാൻഡ്രം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും ( ടിയാൽ ) മംഗളൂരുവിന് വേണ്ടി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡും (സിയാൽ) ലേലത്തിൽ പങ്കെടുത്തെങ്കിലും കിട്ടിയില്ല.
കൊച്ചി, കണ്ണൂർ വിമാനത്താവള നടത്തിപ്പിൽ പരിചയമുള്ള സംസ്ഥാന സർക്കാരിനെ പരിഗണിക്കാതിരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ധരിപ്പിച്ചിരുന്നു.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന ബിനോയ് വിശ്വത്തിന്റെ ഉപചോദ്യത്തിന് മറുപടിയായാണ്
തിരുവനന്തപുരം ഏറ്റെടുക്കാമെന്ന മുഖ്യമന്ത്രിയുടെ കത്ത് ശ്രദ്ധയിൽ വന്നിട്ടുണ്ടെന്ന് മന്ത്രി ഹർദീപ് സിംഗ്പുരി ഇന്നലെ രാജ്യസഭയിൽ പറഞ്ഞത്.