ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിധി മറികടക്കാൻ ഭരണഘടനാ ഭേദഗതി അടക്കമുള്ള നിയമ നിർമ്മാണം കൊണ്ടുവരുമോ എന്ന ചോദ്യത്തിന് ലോക്സഭയിൽ കൃത്യമായി മറുപടി നൽകാതെ നിയമ മന്ത്രി ഒഴിഞ്ഞു മാറി. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ നിയമ നിർമ്മാണം പരിഗണിക്കുന്നുണ്ടോ എന്ന ശശി തരൂരിന്റെയും ആന്റോ ആന്റണിയുടെയും ചോദ്യത്തിന് വിഷയം കോടതിയുടെ പരിഗണനയിലാണെന്ന ഒറ്റ വരി മറുപടിയാണ് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് നൽകിയത്. നിയമ നിർമ്മാണം ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ അവതരിപ്പിച്ച സ്വകാര്യപ്രമേയവും സഭയുടെ പരിഗണനയിലുണ്ട്. വിധി ചോദ്യം ചെയ്‌ത് സമർപ്പിച്ച പുനഃപരിശോധന ഹർജികൾ ഉടൻ തീർപ്പാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ ഒഴിഞ്ഞുമാറുന്നതെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന.