ന്യൂഡൽഹി: ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകാനോ മുതൽമുടക്കിന്റെ 50 ശതമാനം വഹിക്കാനോ കേരളം തയ്യാറല്ലാത്തതിനാൽ ശബരി റെയിൽ പാത അനിശ്ചിതാവസ്ഥയിലാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ലോക്‌സഭയിൽ അടൂർ പ്രകാശിനെ അറിയിച്ചു. പദ്ധതിയുടെ 50 ശതമാനം തുക നൽകാൻ തയ്യാറാണെന്ന് 2015 ൽ സംസ്ഥാനം അറിയിച്ചതാണ്. എന്നാൽ 2016 ൽ പദ്ധതി റെയിൽവേ തന്നെ നടപ്പാക്കണമെന്ന് കേരളം നിലപാടെടുത്തു.
1997-98 കാലത്ത് 550 കോടി രൂപ ചെലവു നിശ്ചയിച്ച് തുടങ്ങിയ പാത പൂർത്തിയാക്കാൻ ഇപ്പോൾ 2815 കോടി രൂപ വേണം. സ്ഥലം ഏറ്റെടുക്കാനുള്ള ചെലവ് 22.82 കോടിയിൽ നിന്ന് 965 കോടി രൂപയായും ഉയർന്നു.
രാമപുരം മുതൽ എരുമേലി വരെയുള്ള 41 കിലോമീറ്ററിൽ 10 കിലോമീറ്ററിൽ താഴെയാണ് അന്തിമ സർവേ പൂർത്തിയായത്. ഈ പ്രശ്‌നങ്ങളെല്ലാം സംസ്ഥാനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.