ന്യൂഡൽഹി: യഥാർത്ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന എംപ്ളോയ്മെന്റ് പ്രൊവിഡന്റ് ഫണ്ട് പെൻഷൻ നൽകുന്ന കാര്യത്തിൽ സുപ്രീംകോടതിയിലെ പുനഃപരിശോധനാ ഹർജിയിൽ വിധി വന്നതിന് ശേഷം നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാംങ് വർ വിളിച്ച എം.പിമാരുടെയും യൂണിയൻ പ്രതിനിധികളുടെയും ഉന്നതതലയോഗത്തിൽ അറിയിച്ചു.
അതേസമയം അവകാശികളില്ലാത്ത അമ്പതിനായിരം കോടി രൂപ ഉയർന്ന പെൻഷൻ നൽകാനായി വകമാറ്റാൻ ആകില്ലെന്നും മന്ത്രി പറഞ്ഞു. പെൻഷൻ ആധാറുമായി ലിങ്ക് ചെയ്യുന്നതിനാൽ രജിസ്ട്രേഷൻ കാൻസലായി പോയവർക്ക് വീണ്ടും രജിസ്റ്റർ ചെയ്ത് അവകാശം ഉന്നയിക്കാം. മരണമടഞ്ഞ വ്യക്തികളുടെ കാര്യത്തിൽ അവകാശികൾക്ക് അർഹതയുണ്ട്. അങ്ങനെ അവകാശപ്പെടുമ്പോൾ തുക നൽകണം. അതിനാലാണ് ഇത് വകമാറ്റാൻ കഴിയാത്തതെന്നും മന്ത്രി വിശദീകരിച്ചു.
കമ്മ്യൂട്ടേഷൻ അനുവദിച്ചവർക്ക് നൂറ് മാസം കഴിഞ്ഞ് പൂർണപെൻഷൻ അനുവദിക്കണമെന്നതും മിനിമം പെൻഷൻ 3000 രൂപയാക്കണമെന്നതും അടുത്ത ബോർഡ് യോഗത്തിൽ ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഉയർന്ന പെൻഷൻ നൽകൽ ഇ.പി.എഫ്.ഒയ്ക്ക് സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്ന് യോഗത്തിൽ ഇ.പി.എഫ്.ഒ സെക്രട്ടറി ഹീരലാൽ സമര്യ ചൂണ്ടിക്കാട്ടിയപ്പോൾ പണം കേന്ദ്ര സർക്കാർ നൽകണമെന്ന് എം.പിമാർ പറഞ്ഞു. ഉന്നതാധികാര സമിതി ശുപാർശകൾ നടപ്പാക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതും പെൻഷൻകാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കാൻ ഇ.പി.എഫ്.ഒ നിരന്തരം കോടതിയെ സമീപിക്കുന്നതും ന്യായീകരിക്കാനാകില്ലെന്ന് യോഗത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ചൂണ്ടിക്കാട്ടി. എം.പിമാരായ എളമരം കരീം, എം.കെ. രാഘവൻ, ഇ.ടി. മുഹമ്മദ് ബഷീർ, ബിനോയ് വിശ്വം, എ.എം. ആരിഫ്, പി.ആർ. നടരാജൻ (തമിഴ്നാട്), കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ ധർമ്മജൻ തുടങ്ങിയവരും നിർദ്ദേശങ്ങൾ സമർപ്പിച്ചു.