ഓർത്തഡോക്‌സ് വിഭാഗത്തിന്റെ ഹർജി തീർപ്പാക്കി
ന്യൂഡൽഹി: ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്കകേസിൽ 2017ൽ പുറപ്പെടുവിച്ച വിധി അതേപടി നടപ്പാക്കണമെന്ന് സുപ്രീംകോടതി. വിധി പൂർണമായും അനുസരിക്കണമെന്നും സംസ്ഥാന സർക്കാരും കക്ഷികളും വിധി മറികടക്കാൻ സമാന്തര വ്യവസ്ഥകൾ സൃഷ്ടിക്കരുതെന്നും ജസ്റ്റിസ്മാരായ അരുൺ മിശ്ര, എം.ആർ. ഷാ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. സുപ്രീംകോടതി വിധിയിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിക്കാൻ ഹൈക്കോടതിക്കും കഴിയില്ല. 2017ലെ വിധിക്ക് വിരുദ്ധമായി, കട്ടച്ചിറ, വരിക്കോലി പള്ളികളുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളും സുപ്രീംകോടതി ദുർബലപ്പെടുത്തി. ഓർത്തഡോക്‌സ് വിഭാഗത്തിന്റെ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.
വിധി നടപ്പാക്കാൻ സമവായത്തിന് ശ്രമിക്കുന്ന സംസ്ഥാനസർക്കാരിന്റെ നീക്കത്തിന് തിരിച്ചടിയാണ് ഉത്തരവ്. വിധിക്ക് വിരുദ്ധമായി സംസ്ഥാന സർക്കാരിന് പ്രവർത്തിക്കാനാകില്ലെന്നും വിധി ഉടൻ നടപ്പാക്കിയെന്ന് ഉറപ്പ് വരുത്തേണ്ട കടമ സർക്കാരിനുണ്ടെന്നും ബെഞ്ച് ആവർത്തിച്ച് വ്യക്തമാക്കി.
മലങ്കര പള്ളികളിലെ ഭരണം 1934ലെ സഭാഭരണഘടന പ്രകാരമായിരിക്കണമെന്ന് 2017 ജൂലായ് മൂന്നിന് ജസ്‌റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് വിധിച്ചിരുന്നു. ഓർത്തഡോകസ് സഭയ്ക്ക് അനുകൂലമായ ഈ വിധി 2018ൽ ചീഫ് ജസ്‌റ്റിസിന്റെ ബെഞ്ചും ശരിവച്ചു. എന്നാൽ കഴിഞ്ഞ മാർച്ചിൽ കട്ടച്ചിറ, വരിക്കോലി പള്ളികളിൽ യാക്കോബായ വിശ്വാസികൾക്ക് ശവസംസ്കാരത്തിനും ആരാധനയ്‌ക്കും ഹൈക്കോടതി അനുവാദം നൽകിയിരുന്നു. ഇതിനെതിരെയാണ് ഓർത്തഡോക്സ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചത്.
ചൊവ്വാഴ്ച വാദത്തിനിടെ സംസ്ഥാന സർക്കാരിനെ രൂക്ഷമായി സുപ്രീംകോടതി വിമർശിച്ചിരുന്നു. വിധി നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലിലേക്ക് അയയ്ക്കുമെന്ന് മുന്നറിയിപ്പും ജസ്റ്റിസ് അരുൺമിശ്ര നൽകിയിരുന്നു.