rahul

ന്യൂഡൽഹി: രാഹുൽ ഗാന്ധി രാജി സൃഷ്‌ടിച്ച ആശങ്കയും ആശയക്കുഴപ്പവും തുടരുന്നതിനിടെ പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ കോൺഗ്രസിൽ സജീവമായി. അടുത്തയാഴ്‌ച ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ പുതിയ അദ്ധ്യക്ഷനെ കണ്ടെത്തുന്നതു വരെ രാഹുൽ ചുമതല വഹിക്കുമെന്ന് മുതിർന്ന നേതാക്കൾ അറിയിച്ചു. പുതിയ അദ്ധ്യക്ഷനെ വരുന്നതിനൊപ്പം പാർട്ടിയിൽ പ്രവർത്തക സമിതിയിലുൾപ്പെടെ സമ്പൂർണ അഴിച്ചു പണിക്കും സാദ്ധ്യതയുണ്ട്.

പിൻഗാമിയെ നിശ്‌ചയിക്കാൻ നേതാക്കളുടെ സംഘത്തെ രാഹുൽ ചുമതലപ്പെടുത്തിയതായി രാഹുൽ രാജിക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ അടുത്തയാഴ്‌ച ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന. നെഹ്റു കുടുംബത്തിന്റെ വിശ്വസ്‌തരായ സുശീൽ കുമാർ ഷിൻഡെ,മല്ലികാർജ്ജന ഖാർഗെ, മുകുൾ വാസ്‌നിക് തുടങ്ങിയവരുടെ പേരുകൾ സജീവമായി കേൾക്കുന്നുണ്ട്. ജ്യോതിരാദിത്യസിന്ധ്യ, സച്ചിൻ പൈലറ്റ് തുടങ്ങിയ യുവ നേതാക്കൾക്കും സാദ്ധ്യത പറയുന്നുണ്ടെങ്കിലും രാഹുൽ ഒരുഇടവേളയ്‌ക്കു ശേഷം അദ്ധ്യക്ഷനായി തിരിച്ചെത്താൻ ആലോചനയുണ്ടെങ്കിൽ പരിഗണിക്കാനിടയില്ല. രാഹുൽ അദ്ധ്യക്ഷ പദവി ഒഴിഞ്ഞെങ്കിലും നെഹ്റു കുടുംബത്തിൽ പാർട്ടിയുടെ കടിഞ്ഞാൻ ഉറപ്പിക്കും വിധമായിരിക്കും മാറ്റങ്ങളെന്നും അറിയുന്നു.

''കർഷകർക്കും പാവപ്പെട്ടവർക്കും വേണ്ടി അഞ്ചു വർഷം നടത്തിയതിനെക്കാൾ പതിൻമടങ്ങ് ശക്തിയിൽ തുടർന്നും പോരാടും. മറ്റുകാര്യങ്ങളെല്ലാം രാജിക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്"- രാഹുൽ ഗാന്ധി

''ഈ ധൈര്യം അധികമാർക്കും ഉണ്ടാകില്ല. രാഹുലിന്റെ തീരുമാനത്തെ അതിയായി ബഹുമാനിക്കുന്നു" -പ്രിയങ്ക