adhar-bill

ന്യൂഡൽഹി: സുപ്രീംകോടതി വിധി മറികടക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ആധാർ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. ഓർഡിനൻസിന് പകരമുള്ള ബില്ലാണ് സഭയിൽ ശബ്ദവോട്ടോടെ പാസായത്. വ്യക്തിയുടെ അനുവാദത്തോടെ മൊബൈൽ ഫോണുമായും ബാങ്ക് അക്കൗണ്ടുമായും ആധാർ ബന്ധിപ്പിക്കാനും സ്വകാര്യ വ്യക്തികൾക്ക് ഡാറ്റ ഉപയോഗിക്കാൻ അവസരം നൽകുന്നതുമാണ് ഭേദഗതി. മൊബൈൽ കണക്‌ഷൻ എടുക്കാനും ബാങ്ക് അക്കൗണ്ട് തുറക്കാനും ആധാർ നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നടപടി സുപ്രീംകോടതി വിധിയോടെ അസാധുവായ സാഹചര്യത്തിലാണ് പുതിയ ബിൽ. സർക്കാർ ക്ഷേമ പദ്ധതികളും സബ്സിഡികളും കൈമാറാൻ മാത്രമേ ആധാർ ഉപയോഗിക്കാൻ പാടുള്ളു എന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.

സർക്കാർ ശക്തമായ ബില്ലാണ് കൊണ്ടുവന്നതെന്നും ക്ഷേമ പദ്ധതികളുടെയും മറ്റും നടത്തിപ്പിലെ അഴിമതി തടയാൻ ഉപകരിക്കുമെന്നും ബിൽ അവതരിപ്പിച്ച കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. വ്യക്തി വിവരങ്ങൾ ചോരാൻ സാഹചര്യമൊരുക്കുന്ന ബിൽ ഭരണഘടനാ വിരുദ്ധവും സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനവുമാണെെന്ന് പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി.