onecard

ന്യൂഡൽഹി: ഇന്ത്യയിൽ എല്ലായിടത്തേക്കുമുള്ള യാത്രയ്ക്കായി ഉപയോഗിക്കാവുന്ന ഒറ്റക്കാർഡ് സംവിധാനം സജീവമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇന്നലെ അവതരിപ്പിച്ച ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ആദ്യ ബഡ്ജറ്റിലാണ് നാഷണൽ കോമൺ മൊബിലിറ്റി കാർഡി (എൻ.സി.എം.സി) നെക്കുറിച്ച് പരാമർശമുള്ളത്. 2019 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഒറ്റക്കാർഡ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ദേശീയ ഗതാഗത നയത്തിന്റെ ഭാഗമായാണ് ഒറ്റക്കാർഡ് സംവിധാനം അവതരിപ്പിച്ചത്. യാത്രകളിൽ ജനങ്ങൾ നേരിടുന്ന സാമ്പത്തിക ഇടപാടിലെ അസൗകര്യങ്ങൾ ഇതിലൂടെ പരിഹരിക്കുകയാണ് ഒറ്റക്കാർഡിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.

രാജ്യത്തുടനീളം റോഡ്, റെയിൽ യാത്രയ്ക്ക് ഉപയോഗിക്കാനാവുന്ന വിധത്തിലാണ് കാർഡിന്റെ പ്രവർത്തനസംവിധാനം. മെട്രോ, ബസ്, സബർബൻ റെയിൽവേ, ടോൾ, പാർക്കിംഗ് എന്നീ ആവശ്യങ്ങൾക്കൊപ്പം സ്മാർട്ട് സിറ്റികളിലും റീട്ടെയ്ൽ ഷോപ്പിംഗിനും പണമടയ്ക്കാൻ ഈ കാർഡ് മതിയാകും. പണം പിൻവലിക്കാനും സൗകര്യമുണ്ടാകും. ഇടപാടുകൾക്കു കുറഞ്ഞ സർവീസ് ചാർജ് മാത്രമേ ഈടാക്കൂ. രാജ്യം തദ്ദേശീയമായി വികസിപ്പിക്കുന്ന കാർഡ് റൂപേ വഴിയാകും പ്രവർത്തിക്കുക. ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാർഡ് ഫോർമാറ്റിൽ ബാങ്കുകളിലൂടെയാകും വിതരണം. എസ്.ബി.ഐ ഉൾപ്പെടെ 25 - ലേറെ ബാങ്കുകളിൽ കാർഡ് ലഭ്യമാക്കും. ഇതുപയോഗിച്ച് എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കുമ്പോൾ അഞ്ച് ശതമാനവും യാത്രയിൽ സാധനങ്ങൾ വാങ്ങുമ്പോൾ 10 ശതമാനവും കാഷ്ബാക്ക് ലഭിക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.