ന്യൂഡൽഹി: രാജ്യത്ത് കർഷകരുടെ അവസ്ഥ പരിതാപകരമാണെന്നും പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും ബഡ്‌ജറ്റിൽ വൻ വ്യവസായികൾക്ക് വേണ്ട പ്രഖ്യാപനങ്ങളാണ് നടത്തിയതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ലോക്‌സഭയിലെ ശൂന്യവേളയിൽ വയനാട്ടിലെ കർഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് ശ്രദ്ധ ക്ഷണിക്കൽ നടത്തുകയായിരുന്നു അദ്ദേഹം. മണ്ഡലവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആദ്യമായി ശ്രദ്ധ ക്ഷണിക്കൽ നടത്തിയ രാഹുലിന്റെ 17-ാം ലോക്‌സഭയിലെ ആദ്യ പ്രസംഗവുമായിരുന്നു ഇന്നലത്തേത്.
'രാജ്യത്ത് കർഷകർ വായ്‌പ തിരിച്ചടയ്ക്കാനാവാതെ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ ദിവസവും വയനാട്ടിൽ ഒരു കർഷകൻ ആത്മഹത്യ ചെയ്‌തു. കർഷകരെ സഹായിക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്‌ദാനം പാഴായി. അതേസമയം ബഡ്‌ജറ്റിൽ വ്യവസായികൾക്ക് വൻ ഇളവുകൾ പ്രഖ്യാപിച്ചു. പാവപ്പെട്ട കർഷകരെ പണക്കാരുടെ മുന്നിൽ ചെറുതാക്കുകയാണ് സർക്കാർ. ഈ ഇരട്ടത്താപ്പ് നാണക്കേടാണ്." - രാഹുൽ പറഞ്ഞു. വായ്‌പകൾക്കുള്ള മോറട്ടോറിയം നീട്ടണമെന്ന കേരള സർക്കാരിന്റെ അപേക്ഷ അംഗീകരിക്കാൻ റിസർവ് ബാങ്കിനുമേൽ കേന്ദ്ര സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിക്കെതിരെ രാഹുൽ നടത്തിയ പ്രസ്‌താവനയിലെ രാഷ്‌ട്രീയം തിരിച്ചറിഞ്ഞതിനാൽ പ്രതിരോധ മന്ത്രി രാജ്നാഥ്സിംഗാണ് മറുപടി നൽകിയത്. കർഷകരുടെ പ്രശ്‌നങ്ങൾ ഇപ്പോൾ തുടങ്ങിയതല്ലെന്നും ദശകങ്ങൾ രാജ്യം ഭരിച്ചവരുടെ കാലം മുതൽ അതു നിലവിലുണ്ടെന്നും കോൺഗ്രസിനെ പരോക്ഷമായി സൂചിപ്പിച്ച് രാജ്നാഥ് പറഞ്ഞു. എന്നാൽ നരേന്ദ്ര മോദി സർക്കാർ വന്ന ശേഷം കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ നടപടിയെടുത്തു. കിസാൻ മൻധൻ യോജ്ന വഴി അവരുടെ വരുമാനത്തിൽ 20-25 ശതമാനം വരെ വർദ്ധനയുണ്ടായെന്നും രാജ്നാഥ് ചൂണ്ടിക്കാട്ടി.