ന്യൂഡൽഹി: രാജ്യ പുരോഗതിയിൽ വനിതകൾക്കുള്ള പങ്ക് ചൂണ്ടിക്കാട്ടി വനിതാ ധനമന്ത്രിയുടെ കന്നി ബഡ്‌ജറ്റിൽ വനിതകൾക്കായി പ്രത്യേക നിർദ്ദേശങ്ങൾ ഇടംപിടിച്ചു. വനിതാ ക്ഷേമം നടപ്പാക്കാതെ ലോകത്തിനു നന്നാകാൻ കഴിയില്ലെന്നും ഒറ്റച്ചിറകിൽ പക്ഷിക്ക് പറക്കാനാകില്ലെന്നും പറഞ്ഞ സ്വാമി വിവേകാനന്ദന്റെ വാക്കുകളെ ഉദ്ധരിച്ചാണ് നിർമ്മലാ സീതാരാമൻ വനിതകൾക്കുള്ള നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്.
ഗ്രാമീണ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ സ്‌ത്രീകൾക്കുള്ള പങ്ക് നിർണായകമാണ്. അതിനാൽ സ്‌ത്രീകളെ പ്രോത്സാഹിപ്പിക്കാനും ആദരിക്കാനും സർക്കാർ ആഗ്രഹിക്കുന്നു. ബഡ്‌ജറ്റ് വിഹിതം ലിംഗവിവേചനത്തിന്റെ ലെൻസിലൂടെ അപഗ്രഥിക്കുന്ന രീതി നിലവിലുണ്ട്. അതുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾക്കായി സർക്കാരിലെയും മറ്റു മേഖലയിലെയും പ്രതിനിധികൾ അടങ്ങിയ കമ്മിറ്റി രൂപീകരിക്കാൻ ശുപാർശ ചെയ്യുന്നു.
ഒരു മേഖലയിലും സ്‌ത്രീകളുടെ പങ്ക് കുറച്ചുകാണാനാകില്ല. ഇന്ത്യൻ സാമൂഹിക- സാമ്പത്തിക മാറ്റത്തിൽ സ്‌ത്രീകൾ വഹിച്ച പങ്ക് വലുതാണ്. വനിതാ വോട്ടർമാരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. ലോക്‌സഭയിൽ 78 വനിതാ അംഗങ്ങളുണ്ട്. വനിതാ കേന്ദ്രീകൃത നയങ്ങൾക്കു പകരം വനിതകൾ നേതൃത്വം നൽകുന്ന സംരംഭങ്ങൾക്കും പദ്ധതികൾക്കും രൂപം നൽകണമെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.
നിലവിൽ സർക്കാർ സ്‌തീകൾക്ക് മുദ്ര, സ്‌റ്റാൻഡ് അപ്പ്, സ്വയം സഹായ ഗ്രൂപ്പുകൾ എന്നിവ വഴി സഹായം നൽകുന്നുണ്ട്. വനിതാ സ്വയം സഹായ പദ്ധതികൾക്കുള്ള ഇളവുകൾ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനും ജൻധൻ അക്കൗണ്ടുള്ള അംഗത്തിന് 5000 രൂപവരെ ഓവർഡ്രാഫ്‌റ്റ് അനുവദിക്കാനും ബഡ്‌ജറ്റിൽ ശുപാർശ ചെയ്‌തു. സ്വയംസഹായ ഗ്രൂപ്പിലെ ഒരു വനിതാ അംഗത്തിന് മുദ്ര പദ്ധതി വഴി ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കുമെന്നും ബഡ്ജറ്റ് പ്രസംഗത്തിൽ മന്ത്രി പ്രഖ്യാപിച്ചു.