ന്യൂഡൽഹി: കോർപറേറ്റുകൾക്കും വിദേശത്തെ മൂലധനശക്തികൾക്കുമുള്ള പ്രത്യുപകാരമാണ് മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റെന്ന് സി.പി.എം പി.ബി പ്രസ്താവനയിൽ പറഞ്ഞു. ഇവർക്ക് രാജ്യത്തിന്റെ സമ്പദ്ഘടനയിൽ പിടിമുറുക്കാനും ഇന്ത്യൻ സമ്പദ്ഘടനയെ രാജ്യാന്തര ധനകമ്പോളങ്ങളുമായി കൂട്ടിയോജിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് മിക്ക പ്രഖ്യാപനങ്ങളും. കർഷകരുടെയും തൊഴിലാളികളുടെയും ജീവിതവും ജീവനോപാധിയും സംരക്ഷിക്കാൻ വേണ്ടുന്ന ഒന്നുമില്ല. വിളകൾക്ക് ആദായവില ലഭ്യമാക്കാനും കാർഷികകടങ്ങൾ എഴുതിത്തള്ളാനും നിർദേശമൊന്നുമില്ല. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവിറ്റ് 1.05 ലക്ഷം കോടി രൂപ സമാഹരിക്കും. സാമൂഹികക്ഷേമപദ്ധതികൾക്കുള്ള പദ്ധതിവിഹിതങ്ങൾ നാമമാത്രമായാണ് വർധിപ്പിച്ചിട്ടുള്ളത്. ഈ ജനവിരുദ്ധനയങ്ങൾക്കെതിരെ അതിശക്തമായ സമരം ഉയർത്തണമെന്നും പി.ബി പ്രസ്താവനയിൽ പറഞ്ഞു.