supreme-court

ന്യൂഡൽഹി: മുൻ ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹരേൻ പാണ്ഡ്യ വെടിയേറ്റു മരിച്ച കേസിൽ 12 പ്രതികൾ കുറ്റക്കാരാണെന്ന വിധിയിലേക്ക് സുപ്രീംകോടതി എത്തിയത് ഗുജറാത്ത് ഹൈക്കോടതിയുടെ പല കണ്ടെത്തലുകളെയും ഖണ്ഡിച്ചുകൊണ്ട്. സാക്ഷിയായ തെരുവുകച്ചവടക്കാരൻ അനിൽ യാദ്‌റാമിന്റെ മൊഴികൾ സുപ്രീംകോടതി വിധിയിൽ നിർണായകമായി. 12 പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് സംസ്ഥാന സർക്കാരും സി.ബി.ഐയും നൽകിയ അപ്പീലിലാണ് ജസ്‌റ്റിസുമാരായ അരുൺ മിശ്രയുടെയും വിനീത് സരന്റെയും വിധി. സുപ്രീംകോടതി മേൽനോട്ടത്തിൽ കേസ് വീണ്ടും അന്വേഷിക്കാൻ പൊതുതാത്പര്യ ഹർജി നൽകിയ സി.പി.ഐ.എൽ എന്ന സന്നദ്ധ സഘടനയ്‌ക്ക് കോടതി അരലക്ഷം രൂപ പിഴ വിധിച്ചു.

 കേസ്: 2003 മാർച്ച് 26ന് പ്രഭാത സവാരിക്കിടെ ഹാരേൻ പാണ്ഡ്യ വെടിയേറ്റു മരിച്ചു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി പോട്ട നിയമ പ്രകാരമുള്ള കേസിൽ ഒന്നാം പ്രതി അസ്ഗർ അലി അടക്കം 12 പേർ കുറ്റക്കാരണെന്ന് വിചാരണ കോടതി. സാക്ഷി മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ 2011 ആഗസ്‌റ്റിൽ ഗുജറാത്ത് ഹൈക്കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും പങ്കുണ്ടെന്ന് ആരോപിച്ച് ഭാര്യ ജാഗൃതിക്ക് 2014ൽ സർക്കാർ ജോലി നൽകി.

 കാറിലെ രക്തപ്പാടുകൾ

ഹൈക്കോടതി: ഒന്നാം പ്രതിയായ അസ്ഗർ അലി കാറിനുള്ളിലേക്ക് അഞ്ച് റൗണ്ട് വെടിവച്ചുവെന്ന സാക്ഷി അനിൽ യാദ്‌റാമിന്റെ മൊഴിയിൽ വിശ്വാസയോഗ്യമല്ല. കാറിനുള്ളിൽ രക്തത്തിന്റെ അളവ് കുറവായിരുന്നു. സുപ്രീംകോടതി: വെടികൊണ്ട പാണ്ഡ്യയുടെ ശരീരത്തിൽ കൂടുതലും ആന്തരിക മുറിവുകളാണ് ഉണ്ടായത്.

 ഉയർത്തിയ വിൻഡ് ഗ്ളാസ്

ഹൈക്കോടതി: വെടിയേൽക്കുമ്പോൾ കാറിന്റെ സൈഡ് ഗ്ളാസ് ഉയർത്തിയ നിലയിലെന്ന് സാക്ഷി മൊഴി. ഉയർത്തിയ ഗ്ളാസിനുള്ളിലൂടെ വെടിവയ്‌ക്കാൻ ബുദ്ധിമുട്ടാണ്.

സുപ്രീംകോടതി: ഗ്ളാസ് എത്ര ഉയർന്നിരുന്നു എന്ന സാക്ഷിമൊഴി പ്രധാനമല്ല. അയാൾ ഊഹിച്ച് പറഞ്ഞതാകാം.

 അഞ്ച് വെടിയുണ്ട, ഏഴ് മുറിവ്

ഹൈക്കോടതി: അസ്ഗർ അലി അഞ്ച് തവണ വെടിയുതിർത്തുവെന്ന് സാക്ഷി. എന്നാൽ പാണ്ഡ്യയുടെ ശരീരത്തിൽ ഏഴ് മുറിവുകൾ

സുപ്രീംകോടതി: രണ്ട് മുറിവുകൾ വെടിയുണ്ട കടന്നു പോയപ്പോൾ ശരീരത്തിൽ തട്ടി സംഭവിച്ചതാകാം. വെടിയേൽക്കുന്ന സമയത്ത് ശരീരം എങ്ങനെയൊക്കെ പ്രതിരോധിക്കുമെന്ന് പറയാൻ കഴിയില്ല. വെടിയേറ്റ പാണ്ഡ്യ കാറിനുള്ളിൽ വീണെന്നും കാൽ പുറത്തേക്ക് തള്ളി വന്നുവെന്നും സാക്ഷി മൊഴിയിലുണ്ട്.

 സാക്ഷികളെ വിസ്‌തരിച്ചില്ല

ഹൈക്കോടതി: യാദ്‌റാമിനൊപ്പമുണ്ടാണ്ടിരുന്ന മറ്റു സാക്ഷികളെ വിസ്‌തരിച്ചില്ല.

സുപ്രീംകോടതി: കാറിനുള്ളിൽ മരിച്ചു കിടക്കുന്നത് പാണ്ഡ്യയാണെന്ന് ആ സമയത്ത് അവിടെയുണ്ടായിരുന്ന എല്ലാവർക്കും അറിവുണ്ടാകണമെന്നില്ല. അക്രമമുണ്ടായ സമയത്ത് പാണ്ഡ്യ ഗ്ളാസ് ഉയർത്തിയെന്ന് സാക്ഷി മൊഴിയിലുണ്ട്.

 ഫോൺ പരിശോധന

ഹൈക്കോടതി: പാണ്ഡ്യയുടെ ഫോൺ രേഖകൾ പരിശോധിച്ചില്ല

സുപ്രീംകോടതി: ഫോൺ രേഖകളിൽ കാര്യമില്ല

 കുറ്റസമ്മതം നിർബന്ധിച്ച്

ഹൈക്കോടതി: കുറ്റസമ്മത മൊഴിയിൽ സംസ്കൃത വാക്കുകൾ. മുസ്ളീമായ പ്രതിയുടെ സംസ്‌കൃത വാക്കുകൾ അവിശ്വസനീയം

സുപ്രീംകോടതി: വിദ്യാസമ്പന്നരായ മുസ്ളീം കുടുംബങ്ങളിലുള്ളവർക്ക് സംസ്കൃതം വാക്കുകളും പരിചയമുണ്ടാകാം.

 സി.ബി.ഐയുടെ അന്വേഷണം

ഹൈക്കോടതി: തെറ്റായ അന്വേഷണം പലർക്കും ബുദ്ധുമുട്ടുണ്ടാക്കി. സർക്കാർ പണം നഷ്ട‌പ്പെടുത്തി

സുപ്രീംകോടതി: ഹൈക്കോടതിയുടെ കണ്ടെത്തലുകൾ തെറ്റ്. അന്വേഷണത്തെ തെറ്റു പറയാൻ കഴിയില്ല.