ന്യൂഡൽഹി: സി.ബി.ഐ അഡീഷണൽ ഡയറക്‌ടർ നാഗേശ്വര റാവുവിന് ഫയർ സർവീസ് ഡയറക്‌ടർ ജനറലായി സ്ഥലം മാറ്റം. സി.ബി.ഐ മേധാവി അലോക് വർമ്മയും പ്രത്യേക ഡയറക്‌ടർ രാകേഷ് അസ്‌താനയും തമ്മിലുള്ള തർക്കം വിവാദമായപ്പോഴാണ് കേന്ദ്ര സർക്കാർ നാഗേശ്വര റാവുവിനെ കൊണ്ടുവന്നത്. വിവാദ സ്ഥലമാറ്റ ഉത്തരവുകൾ പുറപ്പെടുവിച്ചും കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെതിരെ നടത്തിയ നടപടികളിലൂടെയും അദ്ദേഹം ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അടങ്ങിയ നിയമന കമ്മിറ്റിയാണ് നാഗേശ്വര റാവുവിന് ഫയർ സർവ്വീസിൽ പുതിയ നിയമനം നൽകിയത്. സുപ്രീംകോടതി ഉത്തരവിന്റെ ബലത്തിൽ സി.ബി.ഐയിൽ തിരിച്ചെത്തിയ അലോക് വർമ്മയെയും കേന്ദ്ര സർക്കാർ ഇതേ തസ്‌തികയിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ ചുമതലയേൽക്കാതെ വർമ്മ രാജിവയ്ക്കുകയായിരുന്നു.
അലോക് വർമ്മയും രാകേഷ് അസ്‌താനയും നിർബന്ധിത അവധിയിൽ പോയ ശേഷം ഇടക്കാല ഡയറക്‌ടറായി സി.ബി.ഐ തലപ്പെത്തിയ നാഗേശ്വര റാവു 13 ഉദ്യോഗസ്ഥരെ തിടുക്കത്തിൽ സ്ഥലം മാറ്റിയിരുന്നു. പിന്നീട് തിരിച്ചെത്തിയ അലോക് വർമ്മ ആ ഉത്തരവ് റദ്ദാക്കുകയും ചെയ്‌തു. പിന്നീട് അലോക് വർമ്മയെ സ്ഥലമാറ്റിയപ്പോൾ സുപ്രീംകോടതി നിർദ്ദേശം മറികടന്ന് റാവു വീണ്ടും ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.