യുവ നേതൃത്വം വരണമെന്ന് ക്യാപ്ടൻ അമരീന്ദർ
ന്യൂഡൽഹി: രാഹുൽ ഗാന്ധി രാജിവച്ച ഒഴിവിൽ പുതിയ അദ്ധ്യക്ഷനെ കണ്ടെത്താൻ കോൺഗ്രസിൽ ചർച്ചകൾ മുറുകി. അടുത്തയാഴ്‌ച പ്രവർത്തക സമിതി ചേർന്ന് പുതിയ അദ്ധ്യക്ഷനെ നിയമിക്കാനാണ് നീക്കം. അതിനു മുൻപ് ഗാന്ധി കുടുംബത്തിന് സ്വീകാര്യനും പാർട്ടിയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ശേഷിയുമുള്ള ആളെ കണ്ടെത്തുകയാണ് വെല്ലുവിളി.
ഗാന്ധി കുടുംബവുമായുള്ള അടുപ്പം പരിഗണിച്ച് മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയും മഹാരാഷ്‌ട്രയിലെ മുതിർന്ന നേതാവുമായ സുശീൽ കുമാർ ഷിൻഡെ (77)യുടെയും കർണാടകയിൽ നിന്നുള്ള മുൻ ലോക്‌സഭാ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മല്ലികാർജ്ജുന ഖാർഗെയുടെയും (76) പേരുകളാണ് കേൾക്കുന്നത്.
എന്നാൽ രാജ്യമെമ്പാടുമുള്ള ജനങ്ങളെ ആകർഷിക്കാനും അടിത്തട്ടു മുതൽ പാർട്ടിയെ ഉദ്ധരിക്കാനും ശേഷിയുള്ള ചെറുപ്പക്കാരെ പരിഗണിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് ആവശ്യപ്പെട്ടു. പാർട്ടിയെ തിരിച്ചു കൊണ്ടുവരാൻ യുവ നേതൃത്വത്തിന് മാത്രമേ കഴിയൂ. രാജ്യത്തിന്റെ പ്രതീക്ഷകൾ നിറവേറ്റാൻ പാർട്ടിക്ക് കഴിയുമെന്ന സന്ദേശം നൽകാനും യുവ നേതൃത്വം വരണം. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനവും 35വയസിന് താഴെയുള്ളവരാണ് എന്നത് മറക്കരുതെന്നും അമരീന്ദർ ചൂണ്ടിക്കാട്ടി.
ഡൽഹിയിൽ അടിയന്തര യോഗം
കൂനിന്മേൽ കുരു പോലെ കർണാടകയിലെ പ്രതിസന്ധി കോൺഗ്രസിന് തലവേദനയായി. രാഹുൽ അദ്ധ്യക്ഷ പദവി ഒഴിഞ്ഞ സാഹചര്യത്തിൽ മുതിർന്ന നേതാക്കൾ പ്രശ്ന പരിഹാരത്തിനായി ഇടപെട്ടു. അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ചർച്ചയ്‌ക്കായി ഡൽഹിയിലെത്തിയ മല്ലികാർജ്ജുന ഖാർഗെയുടെ നേതൃത്വത്തിൽ ആനന്ദ് ശർമ്മ, മോത്തിലാൽ വോറ, ജ്യോതിരാദിത്യ സിന്ധ്യ, പി.ചിദംബരം, ജിതേന്ദ്ര സിംഗ് എന്നിവർ പാർട്ടി 'യുദ്ധമുറി'യിൽ ചേർന്ന് സ്ഥിതി വിലയിരുത്തി. കർണാടകത്തിന്റെ ചുമതലയുള്ള കെ.സി. വേണുഗോപാലിനോട് പെട്ടെന്ന് ബാംഗ്ളൂരിലെത്താൻ നിർദ്ദേശം നൽകി.
ഖാർഗെയും ഇന്ന് രാവിലെ ബാംഗ്ളൂരിലെത്തും.