illustration

ന്യൂഡൽഹി: രാഹുൽ ഗാന്ധി പാർട്ടി അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന് കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി രൂക്ഷമാക്കി കൂടുതൽ നേതാക്കൾ പദവികൾ ഒഴിയുന്നു. പടി‌ഞ്ഞാറൻ യു.പിയുടെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും,​ മുംബയ് മേഖലാ കോൺഗ്രസ് അദ്ധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ മിലിന്ദ് ദേവ്‌റയും രാജിവച്ചു. രാഹുൽ ഗാന്ധിയുടെ വിശ്വസ്തരാണ് ഇരുവരും.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം എറ്റെടുത്തും രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുമാണ് രാജിയെന്ന് ഇരുനേതാക്കളും പറഞ്ഞു. അതിനിടെ,​ ജമ്മുകാശ്‌മീരിലെ മുതിർന്ന പാർട്ടി നേതാവ് മുഹമ്മദ് ഇക്ബാൽ മാലികും ഇന്നലെ രാജിവച്ചു. കോൺഗ്രസ് ദേശീയ നേതൃത്വം കോമയിലാണെന്ന് ആരോപിച്ചാണ് രാജി. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ കേശവ്ചന്ദ് യാദവും സ്ഥാനമൊഴിഞ്ഞിരുന്നു.

ദേശീയതലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് രാജിക്കു ശേഷ മിലിന്ദ് ദേവ്റ പറഞ്ഞു.

കഴിഞ്ഞ മാസം 26-നു തന്നെ രാഹുലിനെക്കണ്ട് ദേവ്റ രാജിസന്നദ്ധത അറിയിച്ചിരുന്നു. ജനറൽസെക്രട്ടറിമാരായ മല്ലികാർജുൻ ഖാർഗെയെയും കെ.സി വേണുഗോപാലിനെയും വിവരം ധരിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് സഞ്ജയ് നിരുപമിനെ മാറ്റി രാഹുൽ മിലിന്ദ് ദേവ്‌റയെ പാർട്ടിയുടെ മുംബയ് മേഖലാ അദ്ധ്യക്ഷനാക്കിയത്. മുംബയ് സൗത്ത് മണ്ഡലത്തിൽ മത്സരിച്ച ദേവ്‌റ ശിവസേനയിലെ അരവിന്ദ് സാവന്തിനോടു പരാജയപ്പെട്ടത് പാർട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു.

ദേവ്‌റയുടെ രാജിക്കു പിന്നാലെ ട്വിറ്ററിലൂടെയാണ് ജ്യോതിരാദിത്യ സിന്ധ്യ രാജിക്കാര്യം പുറത്തുവിട്ടത്. ജനവിധി അംഗീകരിക്കുന്നുവെന്നും,​ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നുള്ള രാജിക്കത്ത് രാഹുൽ ഗാന്ധിക്ക് അയച്ചതായും സിന്ധ്യ അറിയിച്ചു. അതേസമയം ഇന്നലെയല്ല,​ ദിവസങ്ങൾക്ക് മുമ്പുതന്നെ രാഹുലിന് രാജിക്കത്ത് നൽകിയിരുന്നുവെന്ന് സിന്ധ്യ പിന്നീട് വാർത്താ ഏജൻസിയോടു പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വന്തം തട്ടകമായ മദ്ധ്യപ്രദേശിലെ ഗുണ മണ്ഡലത്തിൽ കനത്ത തോൽവിയാണ് സിന്ധ്യ ഏറ്റുവാങ്ങിയത്.