ന്യൂഡൽഹി: കർണാടകത്തിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയും വിമത എം.എൽ.എമാരെ മന്ത്രിമാരാക്കിയും സഖ്യ സർക്കാരിനെ പ്രതിസന്ധിയുടെ കടമ്പ കടത്താൻ അവസാന ശ്രമം തുടരുമ്പോഴും കോൺഗ്രസിലെ വിഭാഗീയത പാർട്ടിയെ പിന്നോട്ടടിക്കുന്നു
,കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റിനിറുത്താൻ മറ്റു വഴിയില്ലാതായ സാഹചര്യത്തിലാണ് രാഷ്‌ട്രീയ വൈരികളായ ജെ.ഡി.എസുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ കോൺഗ്രസ് തയ്യാറായത്. ജെ.ഡി.എസിൽ നിന്ന് കോൺഗ്രസിലെത്തിയ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ എതിർപ്പ് അവഗണിച്ചായിരുന്നു ഹൈക്കമാൻഡ് തീരുമാനം. പിന്നീടിങ്ങോട്ട് എച്ച്.ഡി. കുമാരസ്വാമിയുടെ സർക്കാരിനെ സമാധാനത്തോടെ ഭരിക്കാൻ സിദ്ധരാമയ്യ അനുവദിച്ചിട്ടില്ല. ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ എത്തിച്ചതും മറ്റൊന്നല്ല.
കുമാരസ്വാമി മുഖ്യമന്ത്രിയായി തുടരാൻ സാദ്ധ്യത മങ്ങിയ സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരികരണത്തിനുള്ള ഫോർമുലയിലും പ്രതിസന്ധി ഒളിഞ്ഞിരിപ്പുണ്ട്. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നത് തടയാൻ കോൺഗ്രസ് മുൻ ലോക്‌സഭാ കക്ഷി നേതാവ് മല്ലികാർജ്ജുൻ ഖാർഗെയെ മുന്നിൽ നിറുത്തിയാണ് മറുപക്ഷത്തിന്റെ ചരടുവലി.
അതേസമയം, സ്‌പീക്കറുടെ ഇന്നത്തെ തീരുമാനം നിർണായകമാകും. വിപ്പ് പ്രകാരം ഹാജരാകാത്ത വിമത എം.എൽ.എമാരെ പുറത്താക്കിയാൽ തിരഞ്ഞെടുപ്പിലേക്കാകും കാര്യങ്ങൾ നീങ്ങുക. വിമത എം.എൽ.എമാരെ ബി.ജെ.പി പുറത്തു നിന്ന് സഹായിക്കുന്നുണ്ടെങ്കിലും ഉടനെ തിരഞ്ഞെടുപ്പ് നടന്നാൽ അവർക്ക് എല്ലാവർക്കും സീറ്റു കിട്ടുന്ന കാര്യത്തിൽ ഉറപ്പില്ല. അവർ ജയിച്ച മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനക്കാരായ ബി.ജെ.പിയുടെ സ്വന്തം നേതാക്കൾക്കായിരിക്കും മുൻഗണന.
പ്രവർത്തക സമിതി
യോഗം ത്രിശങ്കുവിൽ
പുതിയ അദ്ധ്യക്ഷനെ കണ്ടെത്താൻ പ്രവർത്തക സമിതി യോഗം ചേരാനിരിക്കെ കർണ്ണാടക പ്രതിസന്ധി കോൺഗ്രസിന് കടുത്ത തലവേദനയാവുകയാണ്. ലണ്ടനിൽ ചികിത്സയിലുള്ള റോബർട്ട് വാധ്രയെ കാണാൻ രാഹുൽ ഗാന്ധി പോകുന്നതിനു മുൻപ് 12, 13 തിയതികളിൽ പ്രവർത്തകസമിതി ചേരാനായിരുന്നു ആലോചന. എന്നാൽ, സംഘടനാ ജനറൽ സെക്രട്ടി കെ.സി. വേണുഗോപാലും അദ്ധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നവരിൽ ഒരാളായ മല്ലികാർജ്ജുൻ ഖാർഗെ അടക്കമുള്ള നേതാക്കളും ബംഗളൂരുവിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ആഘാതം മാറാത്ത കോൺഗ്രസിന് കർണാടകയിൽ എന്തു വിലകൊടുത്തും സർക്കാരിനെ നിലനിറുത്തേണ്ടതുണ്ട്. ദക്ഷിണേന്ത്യയിൽ കോൺഗ്രസ് ഭരണം അവശേഷിക്കുന്ന സംസ്ഥാനം എന്നതു മാത്രമല്ല, പാർട്ടിയുടെ ധനാഗമ മാർഗം കൂടിയാണ്
ബി.ജെ.പിയുടെ കണ്ണ്
തിരഞ്ഞെടുപ്പിൽ
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടിയ വൻ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ കർണാടകയിൽ അധികാരം തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. കർണാടകയ്ക്കു ശേഷം മധ്യപ്രദേശിലും സമാനതന്ത്രം പയറ്റി നേരിയ ഭൂരിപക്ഷത്തിൽ ഭരിക്കുന്ന സർക്കാരിനെ താഴെ വീഴ്ത്താൻ ബി.ജെ.പി ശ്രമിച്ചേക്കും. മഹാരാഷ്‌ട്ര, ഹരിയാന എന്നിവയ്‌ക്കൊപ്പം രണ്ടു സംസ്ഥാനങ്ങളിലും വീണ്ടും തിരഞ്ഞെടുപ്പ് നടത്തി അധികാരത്തിലേറുകയാണ് ലക്ഷ്യം.