ന്യൂഡൽഹി: കർണാടകത്തിൽ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് അംഗങ്ങൾ ഇന്നലെ ലോക്‌സഭയിൽ പ്രതിഷേധമുയർത്തി. സഭ നിറുത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അടിയന്തര പ്രമേയ നോട്ടീസുകൾ സ്‌പീക്കർ അനുവദിച്ചില്ല. അതേസമയം കർണാടക എം.എൽ.എമാരുടെ രാജി സ്വാഭാവികമാണെന്നും അദ്ധ്യക്ഷ സ്ഥാനമൊഴിഞ്ഞ രാഹുൽ ഗാന്ധിയാണ് അതിന് തുടക്കമിട്ടതെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് സഭയിൽ പറഞ്ഞു.
ഇന്നലെ രാവിലെ കോൺഗ്രസ് സഭാ നേതാവ് ആധിർ രഞ്ജൻ ചൗധരിയാണ് കർണാടക പ്രതിസന്ധി ഉന്നയിച്ചത്. മറ്റ് കോൺഗ്രസ് അംഗങ്ങൾ പിന്തുണച്ചു. എന്നാൽ ബി.ജെ.പിക്ക് പ്രതിസന്ധിയിൽ പങ്കില്ലെന്ന് രാജ്നാഥ് സിംഗ് മറുപടി നൽകി. ബി.ജെ.പിക്ക് കുതിരക്കച്ചവടം നടത്തേണ്ട ആവശ്യമില്ല. എം.എൽ.എമാരുടെ രാജിക്കു പിന്നിൽ ബി.ജെ.പിക്ക് പങ്കില്ല. പാർലമെന്റി ജനാധിപത്യം നിലനിറുത്താൻ ബി.ജെ.പി ബാദ്ധ്യസ്ഥമാണെന്നും രാജ്നാഥ് കൂട്ടിച്ചേർത്തു.