medical-fees

ന്യൂഡൽഹി:സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലേക്ക് ജസ്റ്റിസ് രാജേന്ദ്രബാബു സമിതി നിശ്ചയിച്ച പുതിയ ഫീസിനെതിരെ മാനേജ്മെന്റുകൾ സമർപ്പിച്ച ഹർജിയിൽ സുപ്രീം,കോടതി ഇടപെട്ടില്ല. പകരം, ഹർജിയുമായി ആദ്യം ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചു.

ഇടക്കാല സംവിധാനമായി കഴിഞ്ഞ വർഷം കോടതി അനുവദിച്ച താത്കാലിക ഫീസ് പിരിക്കാൻ അനുവദിക്കണമെന്ന മാനേജുമെന്റുകളുടെ ആവശ്യവും അംഗീകരിച്ചില്ല. പുതിയ ഫീസ് നിശ്ചയിച്ചതിൽ പരാതിയുണ്ടെങ്കിൽ ആദ്യം ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി തീരുമാനത്തിന് ശേഷം ആവശ്യമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാം. തുടർന്ന്, മാനേജ്മെന്റുകൾ ഹർജി പിൻവലിച്ചു.

ചട്ടങ്ങൾ പാലിക്കാതെ ജസ്റ്റിസ് രാജേന്ദ്രബാബു സമിതി നിശ്ചയിച്ച ഫീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ ജൂലായ് നാലിനാണ് സുപ്രീംകോടതിയിലെത്തിയത്. എൻ.ആർ.ഐ കോട്ടയിൽ ഫീസ് 25 ലക്ഷവും ബാക്കി സീറ്റുകളിൽ 11 ലക്ഷവുമാക്കണമെന്നും അതുവരെ അലോട്ട്മെന്റ് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. എന്നാൽ ,19 സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 85 ശതമാനം സീറ്റിൽ 5.85 ലക്ഷം മുതൽ 7.19 ലക്ഷം രൂപ വരെയും 15 ശതമാനം എൻ.ആർ.ഐ സീറ്റിൽ 20 ലക്ഷവുമായി ഫീസ് പുതുക്കി നിശ്ചയിച്ച് ജൂലായ് ആറിന് ജസ്റ്റിസ് രാജേന്ദ്രബാബു സമിതി ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞ വർഷത്തെ ഫീസ് അടിസ്ഥാനമാക്കി എല്ലാ കോളേജുകൾക്കും പത്ത് ശതമാനം വർദ്ധനയാണ് അനുവദിച്ചത്. കഴിഞ്ഞ വർഷം ആറു ലക്ഷം രൂപ ബാങ്ക് ഗാരൻറി ഉൾപ്പെടെ 11 ലക്ഷം രൂപ പിരിക്കാൻ മാനേജ്മെൻറുകൾക്ക് സുപ്രീംകോടതി അനുമതി നൽകിയിരുന്നു.