ചെന്നൈ: സുപ്രീംകോടതിയും കൈവിട്ടതോടെ 'ദോശരാജാവി"ന്റെ ഇനിയുള്ള വാസം ജയിലിൽ. ഉടൻ കീഴടങ്ങണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടർന്ന് ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച ശരവണഭവൻ ഹോട്ടൽ ശൃംഖല ഉടമ പി. രാജഗോപാൽ ഇന്നലെ മദ്രാസ് ഹൈക്കോടതിയിലെത്തി കീഴടങ്ങി.
ഓക്സിജൻ മാസ്ക് ധരിച്ച് ആംബുലൻസിൽ കോടതി വളപ്പിലെത്തിയ രാജഗോപാൽ വീൽചെയറിലാണ് കോടതി മുറിയിലെത്തിയത്. ചികിത്സ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പുഴൽ സെൻട്രൽ ജയിലിലേക്ക് അയയ്ക്കാനായിരുന്നു കോടതി ഉത്തരവ്. ജയിലിൽ ഡോക്ടർമാർ പരിശോധിച്ച ശേഷം ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കും.
ആരോഗ്യപരമായ കാരണങ്ങളാൽ കീഴടങ്ങാനുള്ള കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് രാജഗോപാൽ നൽകിയ ഹർജി ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു. വിചാരണ സമയത്ത് ഉന്നയിക്കാതിരുന്ന ആരോഗ്യ പ്രശ്നങ്ങൾ ശിക്ഷാവിധിക്ക് ശേഷം ചൂണ്ടിക്കാട്ടുന്നതിലെ നിയമസാധുത ചോദ്യം ചെയ്താണ് സുപ്രീംകോടതി രാജഗോപാലിന്റെ അപേക്ഷ തള്ളിയത്.
2001ൽ ശരവണഭവൻ ജീവനക്കാരനായ ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് ഹോട്ടൽ വ്യവസായപ്രമുഖനായ രാജഗോപാൽ ശിക്ഷിക്കപ്പെട്ടത്. ശാന്തകുമാറിന്റെ ഭാര്യ ജീവജ്യോതിയെ സ്വന്തമാക്കുന്നതിനായിരുന്നു ഇത്. ജീവജ്യോതിയെ വിവാഹം കഴിച്ചാൽ ബിസിനസിൽ കൂടുതൽ വളർച്ചയുണ്ടാകുമെന്ന ജ്യോതിഷിയുടെ ഉപദേശത്തെ തുടർന്നായിരുന്നു രാജഗോപാൽ മൂന്നാംവിവാഹത്തിനായി കൊലപാതകം നടത്തിയതെന്നാണ് ആരോപണം.
വിചാരണ കോടതി രാജഗോപാലിനെയും സഹായികളെയും പത്തുവർഷം തടവിന് ശിക്ഷിച്ചു. 2009ൽ മദ്രാസ് ഹൈക്കോടതി ഇത് ജീവപര്യന്തമാക്കി. ഈ വർഷം മാർച്ച് 29ന് ജസ്റ്റിസ്മാരായ എൻ.വി. രമണ, ശാന്തനഗൗഡർ, ഇന്ദിര ബാനർജി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഹൈക്കോടതി വിധി ശരിവച്ചു. കീഴടങ്ങാൻ ജൂലായ് ഏഴ് വരെയാണ് സമയം അനുവദിച്ചത്. ഇത് അവസാനിച്ചിരിക്കെയാണ് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കീഴടങ്ങൽ സമയം നീട്ടണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. രാജ്യത്തിനകത്തും പുറത്തുമായി 80 ലധികം ഹോട്ടലുകളുണ്ട് രാജഗോപാലിന്.