sunilkumar

ന്യൂഡൽഹി: പ്രളയത്തിൽ തകർന്ന കേരളത്തിലെ കാർഷികമേഖലയുടെ പുനരുജ്ജീവനത്തിനായി അടിയന്തര സഹായമായി 1595 കോടി അനുവദിക്കണമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ കേന്ദ്രമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ, വിദേശകാര്യ-പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. റബറിനെ വാണിജ്യ ഉത്പന്ന വിഭാഗത്തിൽ നിന്ന് മാറ്റി കാർഷിക ഉത്പന്ന വിഭാഗത്തിൽ ഉൾപ്പെടുത്തണം. റബർ കർഷകർക്ക് നൽകുന്ന ഇൻസെന്റീവ് 200 രൂപയായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ 50 ശതമാനം കേന്ദ്രം നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് അനുകൂല നിലപാടാണ് കേന്ദ്ര വാണിജ്യ മന്ത്രിയും കൃഷി മന്ത്രിയും സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പിന്തുണ ഉറപ്പു നൽകിയിട്ടുണ്ടെന്ന് സുനിൽകുമാർ പറഞ്ഞു.