ന്യൂഡൽഹി: കർണാടകയിലെ ഭരണ പ്രതിസന്ധിയെ ചൊല്ലി കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധത്തിൽ രാജ്യസഭ സ്‌തംഭിച്ചു. ലോക്‌സഭയിൽ കോൺഗ്രസ് അടിയന്തര പ്രമേയത്തിലൂടെ വിഷയം ഉന്നയിച്ചെങ്കിലും സ്‌പീക്കർ അനുമതി നൽകിയില്ല. തുടർന്ന് കോൺഗ്രസ് അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
കർണാടകയിൽ ബി.ജെ.പി കുതിരക്കച്ചവടം നടത്തി ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അംഗം ബി.കെ. ഹരിപ്രസാദ് അടക്കം എട്ട് അംഗങ്ങൾ രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പ്രമേയം ചോദ്യോത്തര വേള കഴിഞ്ഞ് അംഗങ്ങൾ അനുവദിച്ചാൽ ചർച്ച ചെയ്യാമെന്നും അടിയന്തരമായി പരിഗണിക്കാൻ കഴിയില്ലെന്നും അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. ഇതോടെ കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങി.
സമ്മേളനം തുടങ്ങി 13 ദിവസം സഭ തടസമില്ലാതെ പ്രവർത്തിച്ചുവെന്നും ചില അംഗങ്ങൾ നടപടികൾ തടസപ്പെടുത്താൻ ഉദ്ദേശിച്ച് വന്നതാണെന്നും വെങ്കയ്യ പറഞ്ഞു. കോൺഗ്രസ് അംഗങ്ങൾക്കൊപ്പം ഡി.എം.കെ, എൻ.സി.പി അംഗങ്ങളും നടുത്തളത്തിൽ ഇറങ്ങി ബഹളം തുടങ്ങി. തുടർന്ന് സഭ 12 മണി വരെ നിറുത്തിവച്ചു. വീണ്ടും ഉപാദ്ധ്യക്ഷന്റെ അദ്ധ്യക്ഷതയിൽ സഭ വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിപക്ഷം പ്രതിഷേധം തുടർന്നതിനാൽ രണ്ടുമണി വരെ നിറുത്തിവയ്‌ക്കേണ്ടി വന്നു. രണ്ടുമണിക്കും സമാനമായ കാഴ്‌ചകൾ ആവർത്തിച്ചതോടെ ഇന്നത്തേക്ക് പിരിയുകയാണെന്ന് ഉപാദ്ധ്യക്ഷൻ അറിയിച്ചു.
ലോക്‌സഭയിൽ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധ സൂചകമായി പ്ളക്കാർഡുകളുമായാണ് എത്തിയത്. അംഗങ്ങളുടെ നടപടിയെ സ്‌പീക്കർ അപലപിച്ചു. വിഷയം സഭ നിറുത്തി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രമേയം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ വാക്കൗട്ട് നടത്തി.
ഇന്നലെ രാജ്യസഭ സ്‌തംഭിച്ചെങ്കിലും സർക്കാർ ഭൂരിപക്ഷമായ ലോക്‌സഭയിൽ ബഡ്‌ജറ്റിൻമേലുള്ള ചർച്ച രണ്ടാം ദിവസവും തുടർന്നു.
രണ്ടാം മോദി സർക്കാരിന്റെ ആദ്യ പാർലമെന്റ് സമ്മേളനത്തിലെ ആദ്യ സഭാ സ്‌തംഭനമാണ് ഇന്നലെ അരങ്ങേറിയത്. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് സഭാ സ്‌തംഭനം പതിവായിരുന്നെങ്കിലും 17-ാം ലോക്‌സഭയിൽ ഇത്രയും ദിവസം സുഗമായായാണ് നടപടികൾ പുരോഗമിച്ചത്.