thomas-chazhikadan

ന്യൂഡൽഹി: കേരളത്തിലെ ഉൾനാടൻ ജലപാതകളുടെ വികസനത്തിന് കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് രൂപീകരിക്കണമെന്ന് തോമസ് ചാഴികാടൻ എംപി. ലോക്സഭയിൽ ബഡ്ജറ്റ് ചർച്ചയിൽ ആവശ്യപ്പെട്ടു. ജലപാതകളിലെ ചരക്കു നീക്കവുമായി ബന്ധപ്പെട്ട് മറ്റു സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിന് മതിയായ പരിഗണന ലഭിച്ചില്ല. സ്വാഭാവിക റബറിന് ഇറക്കുമതി ചുങ്കം പ്രഖ്യാപിക്കാത്തതും നിരാശ നൽകിയെന്ന് തോമസ് ചാഴികാടൻ ചൂണ്ടിക്കാട്ടി.

ദേശീയ ജലപാത - മൂന്നിന്റെ ഭാഗമാണ് കേരളം. ഇതിൽ കോട്ടപ്പുറം- കൊല്ലം ജലപാത കമ്മീഷൻ ചെയ്തു കഴിഞ്ഞു. ചമ്പക്കര കനാലും ഉദ്യോഗമണ്ഡൽ കനാലും 37 കിലോമീറ്റർ നീളത്തിൽ കൊച്ചിയിലെ വ്യവസായ കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. ആലപ്പുഴ-കോട്ടയം-അതിരമ്പുഴ, ആലപ്പുഴ-ചങ്ങനാശേരി, കോട്ടയം-വൈക്കം ജലപാതകൾ തന്റെ നിയോജക മണ്ഡലത്തിലൂടെയാണ് കടന്നു പോകുന്നത്. ഇവ ദേശീയ ജലപാതകളാണെങ്കിലും വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് തോമസ് ചാഴികാടൻ ചൂണ്ടിക്കാട്ടി. കേരളത്തിലെ ഫീഡർ കനാലുകളും ചരക്കു നീക്കത്തിനും വിനോദ സഞ്ചാരത്തിനും മത്സ്യബന്ധത്തിനും ശേഷിയുള്ളതാണ്. ഇവ മുൻനിർത്തി കേരളത്തിലെ ജലപാതകളുടെ വികസനത്തിനായി പ്രത്യേക പാക്കേജ് രൂപീകരിക്കണമെന്നും തോമസ് ചാഴികാടൻ ആവശ്യപ്പെട്ടു.
രാജ്യത്തെ 13.2 ലക്ഷത്തോളം ചെറുകിട റബർ കർഷകരിൽ 9 ലക്ഷം പേരും കേരളത്തിലാണുള്ളത്. സ്വാഭാവിക റബറിന്റെ വിലയിടിവ് മൂലം കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. ഇന്ധന വില വർദ്ധന കേരളത്തെയാണ് ഏറെ പ്രതികൂലമായി ബാധിച്ചതെന്നും എംപി ചൂണ്ടിക്കാട്ടി.
തൊണ്ട് നീക്കം ചെയ്ത കാപ്പിക്കുരുവിന് ആദായ നികുതി ചുമത്തുന്നത് ഒഴിവാക്കുക, പേപ്പർ ബാഗുകൾക്കും നിർമാണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങൾക്കും ജി.എസ്.ടി കുറയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങളും എംപി ഉന്നയിച്ചു.