ന്യൂഡൽഹി:രാഷ്ട്രീയപാർട്ടികൾക്കുള്ള കോർപറേറ്റ് സംഭാവനകളിൽ ഏറ്റവും കൂടുതൽ ലഭിച്ചത് ബി.ജെ.പിക്കാണ് - 92.94 ശതമാനം. രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസ് ബഹുദൂരം പിന്നിലാണ് - 5.6 ശതമാനം.
20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകളെക്കുറിച്ച് രാഷ്ട്രീയപാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച വിവരങ്ങൾ വിശകലനം ചെയ്ത് അസോസിയേഷൻ ഒഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ )ആണ് കണക്ക് പ്രസിദ്ധീകരിച്ചത്. 20,000 രൂപയ്ക്ക് മുകളിൽ ഒരു സംഭാവനയും ലഭിച്ചിട്ടില്ലെന്നാണ് ബി.എസ്.പി വെളിപ്പെടുത്തിയത്.
സംഭാവന നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്ന ഇലക്‌ടറൽ ബോണ്ട് സംവിധാനം മോദി സർക്കാർ കൊണ്ടുവന്നതിനാൽ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സംഭാവനകളുടെ കണക്കുകൾ ലഭ്യമല്ല.
കോർപറേറ്റ് സംഭാവന വർഷന്തോറും കുത്തനെ ഉയർന്നിട്ടുണ്ട്. അധികാരത്തിലില്ലാത്ത 2012 - 13ൽ 72.99 കോടി കിട്ടിയ ബി.ജെ.പിക്ക് 2013 -14 ൽ 156.93 കോടിയായി ഉയർന്നു. നോട്ടുനിരോധനത്തിന് ശേഷം ബി.ജെ.പിക്കുള്ള സംഭാവന കുത്തനെ ഉയർന്നു.
ട്രസ്റ്റുകൾ, റിയൽ എസ്റ്റേറ്റ്, നിർമ്മാണ, ഖനി, ഓയിൽ കമ്പനികൾ തുടങ്ങിയവരാണ് പ്രധാന സംഭാവനക്കാർ. ഏറ്റവും കൂടുതൽ സംഭാവന നൽകിയത് പ്രൂഡൻറ് സത്യ ഇലക്ടറൽ ട്രസ്റ്റാണ്. 429.42 കോടി. ഇതിൽ ബി.ജെ.പിക്ക് 405.52 കോടി ലഭിച്ചു. കോൺഗ്രസിന് 23.90 കോടിയും.
2016 - 18കാലയളവിൽ കിട്ടിയത്
ആറ് ദേശീയ പാർട്ടികൾക്ക് 985.18 കോടി.
ബി.ജെ.പിക്ക് 173 കോർപറേറ്റുകൾ 915.60 കോടി നൽകി.
കോൺഗ്രസിന് 151 കോർപറേറ്റുകൾ 55.36 കോടി നൽകി
മൂന്നാമത് ശരദ്‌പവാറിന്റെ എൻ.സി.പി - 7.73 കോടി. 0.78%
സി.പി.ഐക്കാണ് ഏറ്റവും കുറവ് - 2%
സംഭാവനയിലെ വർദ്ധന
2004 - 2012 - 378.89 കോടി
2012 - 2016 - 956.77 കോടി
2016 - 2018 - 985.18 കോടി
പാർട്ടികളും സംഭാവനകളും ( 2016 -- 2018 )
ബി.ജെ.പി 915.60 കോടി
കോൺഗ്രസ് 55.36 കോടി
എൻ.സി.പി 7.74 കോടി
സി.പി.എം 4.42 കോടി
തൃണമൂൽ 2.03 കോടി
സി.പി.ഐ 4 ലക്ഷം