pocso

 അഞ്ച് നിയമഭേദഗതികൾക്ക് അംഗീകാരം

ന്യൂഡൽഹി:കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയാനുള്ള പോക്‌സോ നിയമ ഭേദഗതിക്ക് കേന്ദ്ര മന്ത്രി സഭഅനുമതി നൽകി. കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തുന്നവർക്ക് വധ ശിക്ഷ അടക്കം കടുത്ത ശിക്ഷയ്‌ക്കുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്. കുട്ടികളുടെ അശ്ളീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവർക്ക് തടവു ശിക്ഷയും കനത്ത പിഴയും ഉണ്ട്.

18 വയസിനു താഴെയുള്ള കുട്ടികളുടെ സുരക്ഷയും മാന്യതയും ഉറപ്പാക്കാനുള്ള ഭേദഗതികളാണ് 2012ലെ പോസ്‌കോ നിയമത്തിൽ വരുത്തുന്നത്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളെയും ശിക്ഷയെയും കുറിച്ച് വ്യക്തത വരുത്താനും ശ്രമമുണ്ട്. കുട്ടികളുടെ ഭൗതികവും വൈകാരികവും ബൗദ്ധികവുമായ പരിരക്ഷയും സാമൂഹികമായ വികസനവും ലക്ഷ്യമിട്ടുള്ളതാണ് മറ്റു വ്യവസ്ഥകൾ.

അന്തർ സംസ്ഥാന നദീ ജല തർക്ക ബിൽ

അന്തർ സംസ്ഥാന നദീ ജല തർക്കങ്ങൾ സമയബന്ധിതമായി പരിഹരിക്കാനുള്ള ഭേദഗതി ബില്ലിനും മന്ത്രിസഭ അനുമതി നൽകി. തർക്കങ്ങൾ പരിഹരിക്കാൻ ഒന്നിലധികം ബെഞ്ചുകളുള്ള ട്രൈബ്യൂണൽ സ്ഥാപിക്കാൻ വ്യവസ്ഥയുണ്ട്. സംസ്ഥാനങ്ങൾ തമ്മിൽ സമാവായം ഇല്ലാത്തപ്പോഴാകും ട്രൈബ്യൂണൽ രംഗത്തു വരിക.

പാവങ്ങളുടെ പണം പിടുങ്ങുന്ന അനധികൃത ചിട്ടികളെ നിയന്ത്രിക്കാനുള്ള അനിയന്ത്രിത നിക്ഷേപ പദ്ധതി ബിൽ ഭേദഗതിക്കും അംഗീകാരം നൽകി.

13 തൊഴിൽ നിയമങ്ങൾ ഒരു കോഡിൽ

പതിമൂന്ന് തൊഴിൽ നിയമങ്ങൾ ലയിപ്പിച്ച് ഒരു തൊഴിൽ കോഡിൽ കൊണ്ടുവരാനുള്ള പുതിയ ബില്ലിനും അനുമതി നൽകി. മാദ്ധ്യമ പ്രവർത്തകരുമായി ബന്ധപ്പെട്ട വർക്കിംഗ് ജർണലിസ്റ്റ് ആന്റ് ന്യൂസ്‌പേപ്പർ തൊഴിലാളി നിയമം, വർക്കിംഗ് ജർണലിസ്റ്റ് വേതന നിയമം തുടങ്ങിയ തൊഴിൽ നിയമങ്ങളാണ് ഒന്നിപ്പിക്കുന്നത്. തൊഴിൽ നിയമങ്ങൾ നാല് കോഡുകൾക്ക് കീഴിലാക്കുമെന്ന് കേന്ദ്ര ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചിരുന്നു.