karnataka

വിമതർ സ്‌പീക്കർക്ക് രാജി കൈമാറി

മിന്നൽ തീരുമാനം പറ്റില്ലെന്ന് സ്‌പീക്കർ

സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും വാദം

നിയമസഭാ സമ്മേളനം ഇന്നു മുതൽ

ന്യൂഡൽഹി: കർണാടകയിലെ പത്ത് കോൺഗ്രസ്, ജെ.ഡി.എസ് വിമത എം.എൽ.എമാർ സുപ്രീംകോടതി നിർദ്ദേശം പാലിച്ച് ഇന്നലെ മുംബയിൽ നിന്ന് ബംഗളൂരുവിലെത്തി സ്‌പീക്കർക്ക് നേരിട്ട് രാജിക്കത്ത് കൈമാറിയതിന് പിന്നാലെ, ഇന്നാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനും സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാനും പാർട്ടി എം.എൽ.എമാർക്ക് കോൺഗ്രസ് വിപ്പ് നൽകി. വിമതരെ മെരുക്കാനുള്ള ആയുധമായാണ് കൂറുമാറ്റ നിയമം അയോഗ്യരാക്കാവുന്ന വിപ്പ് കോൺഗ്രസ് പ്രയോഗിച്ചിരിക്കുന്നത്. 26 വരെയാണ് സഭാസമ്മേളനം. വിമതരായ തങ്ങളുടെ മൂന്ന് എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് ജനതാദളും സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സുപ്രീംകോടതി ഇടപെട്ടതോടെ കർണാടക രാഷ്‌ട്രീയത്തിൽ ഇന്നലെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വിമതരുടെ രാജിയിൽ ഉടൻ തീരുമാനമെടുക്കാൻ സ്‌പീക്കർ കെ.ആർ. രമേശ‌് കുമാറിനോട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ ബെഞ്ച് നിർദ്ദേശിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സ്‌പീക്കറും അതേ ബെഞ്ചിനെ സമീപിച്ചു.

ഇന്നലെ വൈകിട്ട് ആറു മണിക്ക് സ്പീക്കർക്ക് നേരിട്ട് രാജിനൽകാനാണ് വിമതരോട് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് നിർദ്ദേശിച്ചത്. ഇവരുടെ ഭാഗം കേട്ടശേഷം ഇന്നലെത്തന്നെ തീരുമാനമെടുക്കണമെന്നും അത് ഇന്ന് കോടതിയെ അറിയിക്കണമെന്നും സ്‌പീക്കറോടും നിർദ്ദേശിച്ചു. എന്നാൽ എം.എൽ.എമാരുടെ രാജി സ്വമേധയാ ആണോ സമ്മർദ്ദത്തിന് വഴങ്ങിയാണോ എന്ന് ഉറപ്പാക്കാൻ സമയം വേണമെന്നാണ് സ്പീക്കറുടെ ഹർജിയിലെ ആവശ്യം. രാജി സ്വമേധയാ ആണെന്നും സത്യസന്ധമാണെന്നും ബോദ്ധ്യപ്പെട്ടാലേ സ്പീക്കർ സ്വീകരിക്കേണ്ടതുള്ളൂ എന്നും മിന്നൽ വേഗത്തിൽ തീരുമാനം എടുക്കാനാവില്ലെന്നും സ്പീക്കറുടെ അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി ബോധിപ്പിച്ചു.

വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി. എം.എൽ.എമാരുടെ ഹർജിക്കൊപ്പം ഇന്ന് പരിഗണിക്കാമെന്ന് വ്യക്തമാക്കി.

പത്ത് എം.എൽ.എമാരും ആറ് മണിക്ക് മുൻപേ വിധാൻ സൗധയിൽ എത്തി സ്പീക്കർക്ക് രാജി കൈമാറി. എം.എൽ.എമാർക്ക് സുരക്ഷയൊരുക്കണമെന്ന സുപ്രീംകോടതി നിർദ്ദേശപ്രകാരം ബംഗളൂരു എച്ച്.എ.എൽ വിമാനത്താവളത്തിൽ നിന്ന് വിധാൻ സൗധ വരെ പൊലീസ് ട്രാഫിക് നിയന്ത്രിച്ചിരുന്നു. പൊലീസ് വലയത്തിലാണ്

എം.എൽ.എമാരെ വിധാൻ സൗധയിലേക്ക് കടത്തിയതും.

തങ്ങളുടെ രാജി അംഗീകരിക്കാൻ സ‌്പീക്കറോട‌് നിർദ്ദേശിക്കണമെന്നും തങ്ങളെ അയോഗ്യരാക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് വിമതർ കോടതിയെ സമീപിച്ചത്.

''കൂറുമാറ്റമല്ല രാജിയാണ് വിഷയം. രാജി സ്വീകരിച്ചാലേ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാനാവൂ. സ്പീക്കർ ഉത്തരവാദിത്വം നിർവഹിക്കുന്നില്ല. എം.എൽ.എമാരെ അയോഗ്യരാക്കാനാണ് ശ്രമിക്കുന്നത്''.

--മുകുൾ റോത്തഗി

വിമതരുടെ അഭിഭാഷകൻ

''രാജിയും അയോഗ്യതയും വ്യത്യസ്തമാണ്. അയോഗ്യരാക്കപ്പെടുന്നവർക്ക് മന്ത്രി പദം ഉൾപ്പെടെ ശമ്പളമുള്ള പദവികൾ വഹിക്കാനാവില്ല. സ്പീക്കർ എങ്ങനെ തീരുമാനമെടുക്കണമെന്ന് നിർദ്ദേശിക്കാനാവില്ല. കോടതി ഉത്തരവ് എം.എൽ.എമാരെ പറ്റി കൂറുമാറ്റ നിയമപ്രകാരമുള്ള അന്വേഷണത്തിനും സ്പീക്കറുടെ ഭരണഘടനാപരമായ കർത്തവ്യങ്ങൾ നിറവേറ്റുന്നതിനും തടസമാണ്.''

--മനു അഭിഷേക് സിംഗ്‌വി

സ്‌പീക്കറുടെ അഭിഭാഷകൻ

''രാജിവയ്‌ക്കില്ല. ബി.ജെ.പി അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ സർക്കാർ അതിനെ അതിജീവിക്കും. 2009-10ൽ 18 അംഗങ്ങൾ എതിരുനിന്നിട്ടും മുഖ്യമന്ത്രിയായിരുന്ന ബി.എസ്. യെദിയൂരപ്പ രാജിവച്ചില്ല.''

--എച്ച്.ഡി. കുമാരസ്വാമി

മുഖ്യമന്ത്രി