maradu-flat

ന്യൂഡൽഹി: എറണാകുളം മരട് മുനിസിപ്പാലിറ്റിയിൽ തീരദേശനിയമം ലംഘിച്ച് നിർമ്മിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളും പൊളിക്കാനുള്ള വിധിക്കെതിരെ നിർമ്മാതാക്കൾ നൽകിയ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി തള്ളി. ഹർജികളും അനുബന്ധ രേഖകളും സസൂക്ഷമം പരിശോധിച്ചെന്ന് വ്യക്തമാക്കിയ ജസ്റ്റിസ്‌മാരായ അരുൺ മിശ്ര, നവീൻസിൻഹ എന്നിവരുടെ ബെഞ്ച് വിധി പുനഃപരിശോധിക്കാൻ സാധൂകരിക്കാവുന്ന കാരണങ്ങളില്ലെന്ന് നിരീക്ഷിച്ചാണ് തള്ളിയത്. റിവ്യൂഹർജി തുറന്നകോടതിയിൽ കേൾക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല.

ഇനി തിരുത്തൽ ഹർജി നൽകാനുള്ള അവസരമുണ്ടെങ്കിലും അപൂർവം സന്ദർഭങ്ങളിലേ അത് കോടതി അനുവദിച്ചിട്ടുള്ളൂ.

തീരദേശ നിയമം ലംഘിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്‌ത്ത്, ജയിൻ ഹൗസിംഗ്, കായലോരം അപ്പാർട്ട്മെന്റ്, ആൽഫ വെഞ്ച്വേഴ്സ് എന്നീ ഫ്ളാറ്റ് സമുച്ചയങ്ങൾ ഒരു മാസത്തിനുള്ളിൽ പൊളിക്കാൻ മേയ് എട്ടിനാണ് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ഈ കാലാവധി ജൂൺ എട്ടിന് അവസാനിച്ചിരുന്നു. റിവ്യൂ ഹർജി കൂടി തള്ളിയ സാഹചര്യത്തിൽ കെട്ടിടം പൊളിക്കാൻ സർക്കാരിൽ സമ്മർദ്ദമേറി.

കാലാവധി നീട്ടണമെന്ന ഫ്ലാറ്റുടമകളുടെ ആവശ്യം അരുൺമിശ്രയുടെ ബെഞ്ച് തന്നെ മേയ് 22ന് തള്ളി.തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവെന്ന് ചൂണ്ടിക്കാട്ടി ജൂൺ 10ന് താമസക്കാർ ജസ്റ്റിസ്‌മാരായ ഇന്ദിരാ ബാനർജി, അജോയ് രസ്തോഗി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിൽ നിന്ന് ആറാഴ്ചത്തേക്ക് സ്റ്റേ നേടി. ഇത് ജൂലായ് അഞ്ചിന് അരുൺമിശ്രയുടെ ബെഞ്ച് നീക്കി.

ഉടമകൾക്ക് അനുകൂലമായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ കേരള തീരദേശപരിപാലന അതോറിട്ടി നൽകിയ അപ്പീലിലാണ് മേയ് എട്ടിന് സുപ്രീംകോടതി വിധി പറഞ്ഞത്.

വാദവും പ്രതിവാദവും

2006ൽ മരട് പഞ്ചായത്തായിരിക്കെ സി.ആർ സോൺ മൂന്നിൽ പെട്ട പ്രദേശത്താണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. പിന്നീട് മരട് മുനിസിപ്പാലിറ്റിയായി. അപ്പാർട്ട്മെന്റുകളുള്ള സ്ഥലം സി.ആർ സോൺ 2ലാണെന്നും നിർമ്മാണങ്ങൾക്ക് തീരദേശ പരിപാലന അതോറിട്ടിയുടെ അനുമതി ആവശ്യമില്ലെന്നുമാണ് കെട്ടിട ഉടമകളുടെ നിലപാട്. നിർമ്മാണ അനുമതി ലഭിക്കുമ്പോൾ സ്ഥലം സി.ആർ സോൺ മൂന്നിൽ ആയിരുന്നതിനാൽ അനുമതി നിർബന്ധമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.